
ലണ്ടൻ: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ
പാകിസ്ഥാൻ വംശജനായ ബ്രിട്ടീഷ് പൗരനും മുൻ ലേബർ പാർട്ടിക്കാരനുമായ നാസിർ അഹ്മദിന് തടവുശിക്ഷ .ജനുവരിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നാസിറിനെതിരേ കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിലെ ഷെഫീൽഡ് ക്രൗൺ കോടതി അഞ്ചര വർഷം തടവിന് ശിക്ഷിച്ചത്. പീഡനത്തിനിരയായ കുട്ടികൾ കനത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോയിട്ടുള്ളതായി നാസിറിനെതിരെയുള്ള കോടതി വിധിയിൽ ജസ്റ്റിസ് ലാവന്റർ പ്രസ്താവിച്ചു. 1970 കളിൽ ബ്രിട്ടനിലെ റോത്തർഹാമിൽ വച്ചാണ് നാസിർ അന്ന് 16 ഉം 11 ഉം വയസുള്ള പെൺകുട്ടിയേയും ആൺകുട്ടിയേയും പീഡിപ്പിച്ചതായി കോടതി കണ്ടെത്തിയത്. പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ ജനിച്ച നാസിർ , പിന്നീട് 1969 ൽ ബ്രിട്ടനിലേക്ക് കുടിയേറുകയും ബ്രിട്ടീഷ് നഗരമായ റോത്തർഹാം കേന്ദ്രീകരിച്ച് രാഷ്ട്രീയത്തിലെത്തുകയുമായിരുന്നു. 1998 ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ നാസിറിനെ ഹൗസ് ഒഫ് ലോർഡ്സിലേക്ക് നിയമിക്കുകയായിരുന്നു. 2013ൽ ലേബർ പാർട്ടിയിൽ നിന്നും ലൈംഗികാരോപണങ്ങളെത്തുടർന്ന് 2020ൽ ഹൗസ് ഒഫ് ലോർഡ്സിൽ നിന്നും രാജി വച്ച ഇയാൾ കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ കടുത്ത വിമർശകൻ കൂടിയാണ്. അതേ സമയം വിധിയിൽ സംതൃപ്തരാണെന്ന് പീഡനത്തിനിരയായവർ അറിയിച്ചു. കടുത്ത മാനസിക സംഘർഷം അനുഭവിച്ച വർഷങ്ങളാണ് കടന്നു പോയതെന്നും വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഇരുവരും പ്രതികരിച്ചു.