lata

മുംബയ്: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ തുടരുന്ന വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്.

നില വഷളായതിനെ തുടർന്ന് 92 കാരിയായ ലതാ മങ്കേഷ്‌കറെ മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ജനുവരി 11നാണ് ആശുപത്രിയിലെത്തിയത്. ന്യൂമോണിയ ബാധിച്ചതോടെ ഇടയ്ക്ക് അപകടനിലയിലായെങ്കിലും തരണം ചെയ്തു.

ജനുവരി 30ഓടെ കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ആശുപത്രിയിൽ തന്നെ കഴിയുകയായിരുന്നു.

'ആരോഗ്യനില ഗുരുതരമാണെങ്കിലും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന്' ഡോക്ടർമാർ അറിയിച്ചു.

സഹോദരിയെ കാണാൻ ഗായിക ആശ ഭോസ്‌ലെയും ആശുപത്രിയിലെത്തി.

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ 2019ൽ കടുത്ത ശ്വാസതടസമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശേഷം വിശ്രമത്തിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനാനാഥ് മങ്കേഷ്‌കറുടെ ആറുമക്കളിൽ മൂത്തയാളായി 1929ലായിരുന്നു ലത മങ്കേഷ്‌കർ ജനിച്ചത്. ഹേമ എന്നായിരുന്നു ആദ്യ പേര്‌.

1942ൽ 13ാം വയസിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയ ലതാ മങ്കേഷ്‌കർ ഹിന്ദി, മറാത്തി, ബംഗാളി തുടങ്ങി

36ലേറെ ഇന്ത്യൻ ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങൾ പാടി.

എട്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായകരിലൊരാളായ ലതയ്ക്ക് 2001ൽ ഭാരതരത്ന നൽകി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷൺ, പദ്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കാഡ് ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ലത മങ്കേഷ്‌കറുണ്ട്. ബോളിവുഡിൽ മാത്രം ആയിരത്തോളം സിനിമകളിൽ പാടിയിട്ടുണ്ട്. ലതാജിയുടെ സൗഖ്യത്തിനായി പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണ് ആരാധകർ.