swapna

തിരുവനന്തപുരം. സർവ്വീസിൽ നിന്ന് സ്വയംവിരമിച്ച് ദുബായിൽ ഒരുമിച്ച് ജീവിക്കാമെന്ന് ശിവശങ്കർ തനിക്ക് വാഗ്ദാനം നൽകിയിരുന്നുവെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തി. 'കൗമുദി ടിവി' ഇന്നലെ സംപ്രേഷണം ചെയ്ത 'സ്ട്രെയിറ്റ് ലൈൻ" അഭിമുഖ പരിപാടിയിലായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.

''അവിടെ ഒരു ഫ്ളാറ്റ് നോക്കാൻ ശിവശങ്കർ എന്നോടു പറഞ്ഞിരുന്നു. കോൺസൽ ജനറൽ വഴി അദ്ദേഹത്തിന്റെ സുഹൃത്തുമായി ചേർന്ന് അവിടെ ഒരു സംരംഭം ആരംഭിക്കാൻ തീരുമാനിച്ചു. അതിന്റെ ചർച്ചകൾ നടത്തുകയും ലെറ്റർ ഒഫ് ഇൻഡന്റ് ഒപ്പുവയ്ക്കുകയും ചെയ്തു. എന്റെ അച്ഛന്റെ അപ്രതീക്ഷിത മരണത്തെ തുടർന്നാണ് അത് മുടങ്ങിയത്. പിന്നീട് കൊവിഡ് വന്നു. ഒടുവിൽ ഈ പ്രശ്നങ്ങളെല്ലാം വന്ന് എല്ലാം അവസാനിച്ചു. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാത്ത ദിവസമില്ല. മക്കളുടെ മുഖം ഓർമ്മിക്കുമ്പോഴാണ് വേണ്ടെന്നു വയ്ക്കുന്നത്"- സ്വപ്ന പറഞ്ഞു.

വ്യക്തിപരമായും ഒൗദ്യോഗികമായും കുടുംബപരമായും എല്ലാ കാര്യങ്ങളും അറിയാമായിരുന്ന ആളാണ് ശിവശങ്കർ. ഒരുമിച്ചായിരുന്നു വിദേശയാത്രകൾ. ജീവിതത്തിൽ ഏറ്റവും വിശ്വസിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ ചതിച്ചിട്ട് എനിക്കെന്ത് നേടാൻ ? മൂന്നുവർഷം പങ്കുവച്ച സൗഹൃദവും റിലേഷൻഷിപ്പും അത്രവേഗം മറന്നുപോയോ? ഇപ്പോൾ ആർക്കാണ് നഷ്ടം. എനിക്കുമാത്രം. ഞാനാണ് ബലിമൃഗം.

''ശിവശങ്കറിന്റെ പുസ്തകത്തിലെ പ്രതിപാദ്യം ഒട്ടും പ്രതീക്ഷിച്ചതല്ല. രണ്ടു മാസമേ ആയിട്ടുള്ളൂ ഞാൻ ജയിലിൽ നിന്നിറങ്ങിയിട്ട്. വിധവയായ അമ്മയുടെ പിന്തുണ കൊണ്ടുമാത്രം രണ്ട് കുട്ടികളുമായി ജീവിക്കുന്നു. അവരെ വളർത്താൻ എന്താണ് വഴിയെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അവാസ്തവമായ കാര്യങ്ങൾ കുത്തിനിറച്ച് പുസ്തകരചന. മൗനം പാലിച്ചിരിക്കാൻ ഞാൻ ഒരു വിഡ്ഢിയല്ല."- സ്വപ്ന വികാരാധീനയായി.

ശ്രീരാമകൃഷ്ണൻ പലവട്ടം വീട്ടിൽ വന്നു: സ്വപ്ന

തിരുവനന്തപുരം: പി.ശ്രീരാമകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. ശ്രീരാമകൃഷ്ണനുമായി അടുത്ത സൗഹൃദമായിരുന്നു. വീട്ടിൽ ഇടയ്ക്കിടെ വരുമായിരുന്നു. വീട്ടിൽ നിന്ന് ആഹാരം കഴിച്ചിട്ടുണ്ട്. താൻ ഡിപ്ലോമാ​റ്റല്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിട്ടുമറിയാം. എന്തിനാണ് കള്ളം പറയുന്നതെന്നയില്ല. ഒരു കോൺസുലേറ്റിൽ ഇന്ത്യൻ സ്ത്രീ ജോലി ചെയ്യുമ്പോൾ അത് ഡിപ്ലോമാ​റ്റ് ആണോ അല്ലയോ എന്ന് തിരിച്ചറിയാൻ പ​റ്റാത്തയാളാണോ സ്പീക്കർ സ്ഥാനത്തിരുന്നതെന്നും സ്വപ്ന ചോദിച്ചു.

അഭിമുഖത്തിന്റെ പുനഃസംപ്രേഷണം ഇന്നു രാവിലെ 10 ന് കൗമുദി ടിവിയിൽ