
ന്യൂഡൽഹി : കർണാടകയിലെ സ്കൂളുകളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹിജാബിന്റെ പേരിൽ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെടുകയാണെന്നും പെൺകുട്ടികളുടെ ഭാവി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
' ഹിജാബ് ധരിച്ചവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ ഇന്ത്യയിലെ പെൺകുട്ടികളുടെ ഭാവി കവരുകയാണ്. സരസ്വതി ദേവി എല്ലാവർക്കും വേണ്ടിയാണ് അറിവ് നൽകുന്നത്. അവിടെ വേർതിരിവുകളില്ല " രാഹുൽ ട്വീറ്റ് ചെയ്തു.
അതേ സമയം, രാഹുലിനെതിരെ കർണാടക ബി.ജെ.പി രംഗത്തെത്തിയത്. വിദ്യാഭ്യാസത്തെ വർഗീയവത്കരിക്കന്നതിലൂടെ രാഹുൽ രാജ്യത്തിന്റെ ഭാവിയ്ക്ക് ഭീഷണിയാണെന്ന് തെളിയിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
അതേ സമയം, മതവിശ്വാസം പ്രകടിപ്പിക്കേണ്ട ഇടമല്ല സ്കൂളുകൾ എന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രതികരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച നടപടിയ്ക്കതിരായ ഹർജികൾ തിങ്കളാഴ്ച കർണാടക ഹൈക്കോടതി പരിഗണിക്കും.