upendra-tiwari

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനി‌ർദ്ദേശപത്രിക സമ‌ർപ്പിക്കാനുള്ള സമയം അവസാനിക്കാറായതിനാൽ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ പോലും സമ്മർദ്ദത്തിലാക്കി കായികമന്ത്രി ഉപേന്ദ്ര തിവാരി. ഇന്നലെയായിരുന്നു ഉത്തർപ്രദേശ് മന്ത്രിയുടെ പ്രകടനം. വൈകിട്ട് മൂന്ന് മണിവരെയായിരുന്നു നാമനി‌ർദ്ദേശപത്രിക സമ‌ർപ്പിക്കാനുള്ള സമയം. കാൽനടയായി തന്റെ അനുയായികളോടൊപ്പം നാമനി‌ർദ്ദേശപത്രിക സമ‌ർപ്പിക്കാനെത്തിയ ഉപേന്ദ്ര തിവാരി കുറച്ചു കഴിഞ്ഞപ്പോഴാണ് പത്രിക സമ‌ർപ്പിക്കാനുള്ള സമയം അവസാനിക്കാറായെന്നത് ശ്രദ്ധിച്ചത്.

പിന്നെ ഒന്നും നോക്കിയില്ല. കാൽനടയായി വന്നുകൊണ്ടിരുന്ന മന്ത്രി പെട്ടെന്ന് ഓടാൻ തുടങ്ങി. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥ‌ർ പോലും മന്ത്രിയുടെ ഈ നീക്കം മുൻകൂട്ടി കണ്ടിരുന്നില്ല. മന്ത്രിക്കൊപ്പം ഓടിയെത്താൻ അവർക്ക് കഴി‌ഞ്ഞതുമില്ല. പലപ്പോഴും കുറേദൂരം ഓടിയശേഷം മന്ത്രി തന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമെത്താൻ കാത്തുനിൽക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.

ഫെബ്രുവരി 11 വരെ നാമനിർദ്ദേശപത്രിക സമ‌ർപ്പിക്കാൻ സമയമുണ്ടായിരുന്നെങ്കിലും ഇന്നലെ തന്നെ പത്രിക സമർപ്പിക്കണമെന്ന് മന്ത്രിക്ക് വ്യക്തിപരമായി താത്പര്യമുണ്ടായിരുന്നെന്ന് മന്ത്രിക്കൊപ്പമുണ്ടായിരുന്നവർ വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഫെഫ്ന നിയോജകമണ്ഡലത്തിൽ നിന്നുമാണ് ഉപേന്ദ്ര തിവാരി മത്സരിക്കുന്നത്.

#WATCH | UP Sports Minister Upendra Tiwari sprinted to Collectorate Office in Ballia y'day as he was running late to file his nomination. Y'day nominations were scheduled to be filed by 3 pm & the minister was running late, nomination process still ongoing#UttarPradeshElections pic.twitter.com/99HSIPHwoA

— ANI UP/Uttarakhand (@ANINewsUP) February 5, 2022