dileep

തിരുവനന്തപുരം: ദിലീപിന്റേതെന്ന് അവകാശപ്പെടുന്ന പുതിയ ശബ്ദരേഖ പുറത്തുവിട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കേണ്ടത് എങ്ങനെയാണെന്ന് ശബ്‌ദരേഖയിൽ പറയുന്നു. ഒരാളെ തട്ടണമെങ്കില്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്ന് പറയുന്ന ശബ്ദരേഖയാണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടത്. ഇതിനൊപ്പം 'ഒരുവര്‍ഷം ഒരു റെക്കോര്‍ഡും ഉണ്ടാകരുത്, ഫോണ്‍ യൂസ് ചെയ്യരുത്' എന്ന് സഹോദരന്‍ അനൂപ് പറയുന്നതാണെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും പുറത്തുവിട്ടിട്ടുണ്ട്. ഇവയെല്ലാം 2017-ലെ ശബ്ദരേഖയാണെന്നാണ് ബാലചന്ദ്രകുമാറിന്റെ അവകാശവാദം.

ഒരാളെ വധിക്കാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പായി ആളുകളെ വധിക്കണമെന്നും അങ്ങനെയാണെങ്കില്‍ സംശയിക്കില്ലെന്നുമാണ് ദിലീപ് പറഞ്ഞതിന്റെ അര്‍ത്ഥമെന്നാണ് ബാലചന്ദ്രകുമാര്‍ അവകാശപ്പെടുന്നത്. ദി ട്രൂത്ത് എന്ന പറഞ്ഞ സിനിമ കണ്ടിട്ടുണ്ടോ?. അതില്‍ മുഖ്യമന്ത്രി കൊല്ലപ്പെടുന്ന ഒരു രംഗമുണ്ട്. അതേവേദിയില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെടുന്നു. അത് ആരും ശ്രദ്ധിക്കില്ല. അതുകൊണ്ടാണ് ഗ്രൂപ്പിലിട്ട് തട്ടണമെന്ന് ദിലീപ് അനുപിനോട് പറഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാര്‍ പുതിയ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം ജാമ്യഹര്‍ജിയില്‍ വാദംകേട്ട ഹൈക്കോടതി, ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.