
കല്ലമ്പലം: പൊലീസ് പള്ളിക്കലിൽ നടത്തിയ പരിശോധനയിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയ രണ്ട് ബിരുദ വിദ്യാർത്ഥികൾ അറസ്റ്റിൽ. ഓയൂർ പച്ചക്കോട് ടി.ആർ മൻസിലിൽ ഹലീൽ (22), പൂയപ്പള്ളി കൈലാസം വീട്ടിൽ ഹരി (22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂതല താഴെഭാഗം പള്ളിക്കൽ പുഴ പാലത്തിന് സമീപം സ്കൂൾ കുട്ടികൾക്കും മറ്റും കഞ്ചാവ് നൽകുന്നതിനായി ബൈക്കിലെത്തിയപ്പോഴാണ് രണ്ടു കിലോയോളം കഞ്ചാവുമായി ഇവരെ പൊലീസ് പിടികൂടുന്നത്. ഇവിടെ സ്ഥിരമായി കഞ്ചാവ് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ഇവർ പിടിയിലാകുന്നത്.
പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ അതിസാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ കഞ്ചാവ് കൂടാതെ ഇത് തൂക്കി വിൽക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ്, ചെറിയ പായ്ക്കറ്റുകൾ, സീൽ ചെയ്യുന്നതിനുള്ള സെല്ലോ ടേപ്പുകൾ എന്നിവ കണ്ടെടുത്തു. ഇവരുടെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യാ വി.ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം കഞ്ചാവും ലഹരിമരുന്ന് വില്പനയും ഉപയോഗവും കണ്ടെത്തുന്നതിനുള്ള പരിശോധന പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. പിടിയിലായ യുവാക്കൾ ഇരുവരും മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദ വിദ്യാർത്ഥികളാണ്. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ഇവർ കഞ്ചാവ് വില്പനയിലേക്ക് തിരിഞ്ഞത്.
വളരെ നാളുകളായി ഇവർ കഞ്ചാവ് വില്പന നടത്തിവരുന്നതായി പൊലീസ് പറഞ്ഞു. സമീപ പ്രദേശത്തെ സ്കൂൾ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് നൽകുന്നത്. ഇവർക്ക് ലഭിക്കുന്ന ഓർഡർ അനുസരിച്ച് കഞ്ചാവ് സുരക്ഷിത സ്ഥലത്ത് വച്ച് കൈമാറുന്നതിനാൽ ഇവരെ പിടികൂടുക എളുപ്പമായിരുന്നില്ല. കഞ്ചാവ് ഒരു പായ്ക്കറ്റിന് 500 രൂപ വച്ച് ആവശ്യക്കാർ ഗൂഗിൾ പേ ചെയ്യുകയാണ് പതിവ്.
പള്ളിക്കൽ സി.ഐ ശ്രീജിത്ത്.പിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സഹിൽ.എം, ബാബു, അനിൽ, സി.പി.ഒമാരായ അജീസ്, ഷമീർ, സിയാസ്, രഞ്ജിത്ത്, സ്തുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.