
വിതുര: വിതുര മാർക്കറ്റ് ജംഗ്ഷനിലെ കടകൾ കുത്തിതുറന്ന് പണം മോഷ്ടിച്ചശേഷം മുങ്ങിയ ആളെ പൊലീസ് പിടികൂടി. വിതുര കല്ലാർ തോട്ടരികത്ത് വീട്ടിൽ കിഷോർ (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംമ്പർ, ഡിസംമ്പർ മാസങ്ങളിലായി വിതുരയിലെ ഏഴോളം കടകൾ കുത്തി തുറക്കുകയും അമ്പതിനായിരത്തേളം രൂപ മോഷ്ടിക്കുകയും ചെയ്തിരുന്നു. മാർക്കറ്റ് ജംഗ്ഷനിലെ നിരവധി കടകളുടെ പൂട്ട് തകർത്ത് അകത്ത് കയറിയിരുന്നു. കടയിലെ സി.സി.ടിവി കാമറയിൽ നിന്നും പ്രതിയുടെ ചിത്രം പൊലീസിന് ലഭിച്ചിരുന്നു. സംഭവത്തിന് ശേഷം മൊബൈൽഫോൺ ഓഫ്ചെയ്ത് എറണാകുളത്തേക്ക് മുങ്ങിയ പ്രതി പുല്ലേപ്പടി എന്ന സ്ഥലത്ത് സെക്യൂരിറ്റിയായി ജോലി നോക്കവേയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. വിതുര സി.ഐ.എസ്. ശ്രീജിത്, എസ്.ഐ എസ്.എൽ. സുധീഷ്, സി.പി.ഒ മാരായ രാജേഷ്, ഹാഷിം എന്നിവർ ചേർന്നാണ് കിഷോറിനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പടം
കിഷോർ