
പോത്തൻകോട്: ഗുണ്ടകൾക്കെതിരെ അറസ്റ്റും നടപടികളും തുടരുന്നതായി പൊലീസ് അവകാശപ്പെടുമ്പോഴും തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിൽ കഴിഞ്ഞദിവസവും ഗുണ്ടാ ആക്രമണം. മംഗലപുരത്ത് പൂർവ്വവൈരാഗ്യത്തെ തുടർന്ന് രണ്ട് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചതാണ് നാടിനെ നടുക്കിയ ഒടുവിലത്തെ സംഭവം. കഴിഞ്ഞദിവസം പോത്തൻകോട്ട് മദ്യപാനത്തിനിടെ കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചസംഭവത്തിന് പിന്നാലെയാണ് ഇന്നലെ മംഗലപുരത്ത് രണ്ട് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മുരുക്കുംപുഴ മുണ്ടയ്ക്കൽ പണിക്കൻ വിളയിലായിരുന്നു അക്രമം. പണിക്കൻ വിള സ്വദേശികളായ സുധി, കിച്ചു എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശികളായ കുട്ടനെന്ന ഷെഹിൻ (23), അഭിലാഷ് (36), സൂര്യകുമാർ (21), തോന്നയ്ക്കൽ സ്വദേശി ഗോകുൽ (24) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ നവംബറിൽ ബിരുദ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം അപഹരിച്ച കേസിൽ ജയിലിലായിരുന്ന കുട്ടനെന്ന് വിളിക്കുന്ന ഷെഹിൻ ജാമ്യത്തിലിറങ്ങി കെട്ടിട നിർമ്മാണ ജോലിക്ക് പോവുകയായിരുന്നു. മുരുക്കുംപുഴ മുണ്ടയ്ക്കൽ പണിക്കൻ വിളയിൽ ദിവസങ്ങളായി ജോലി ചെയ്യവേ ഇന്നലെ സുധിയും കിച്ചുവും ജോലി സ്ഥലത്തെത്തി ഷെഹിനുമായി വഴക്കുണ്ടാക്കി. ഒന്നര വർഷം മുമ്പ് ഷെഹിൻ സുധിയെ മർദ്ദിച്ചിരുന്നു. ഇത് ചോദിക്കാനാണ് സുധിയും കിച്ചുവും എത്തിയത്. താൻ ഒറ്റയ്ക്കായതിനാൽ ഇവർ മർദ്ദിക്കുമെന്ന് ഭയന്ന ഷെഹിൻ കൂട്ടാളികളെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കമ്പിപ്പാരയും വെട്ടുകത്തിയും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് സുധിക്കും കിച്ചുവിനും പരിക്കേറ്റത്. സുധിക്ക് മുഖത്തും കൈകളിലും വെട്ടേറ്റു. കിച്ചുവിന് കാലിനാണ് വെട്ടേറ്റത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മംഗലപുരം പൊലീസ് നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ ഷെഹിൻ, അഭിലാഷ്, സൂര്യകുമാർ എന്നിവർ പാലോട് , പോത്തൻകോട്, മംഗലപുരം സ്റ്റേഷനുകളിൽ വധശ്രമമടക്കമുള്ള കേസുകളിൽ പ്രതികളാണ്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.