
ഇന്ത്യ- വെസ്റ്റിൻഡീസ് ഒന്നാം ഏകദിനം ഇന്ന്,
ഇത് ഇന്ത്യയുടെ ആയിരാമത്തെ ഏകദിന മത്സരം
അഹമ്മദാബാദ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യമത്സരം ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇന്ത്യയുടെ 1000-ാം ഏകദിനം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ആയിരം ഏകദിനം കളിക്കുന്ന ആദ്യ രാജ്യം എന്ന റെക്കാഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വിരാട് കൊഹ്‌ലി കാലത്തിനു ശേഷം രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയിലെ സമ്പർണ തോൽവിയ്ക്ക് ശേഷം ഒരു ഉയിർത്തെണീപ്പാണ് വിൻഡീസിനെതിരെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. മറുവശത്ത് വിൻീഡീസ് ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നത്. എന്നാൽ അതിന് മുമ്പ് അയർലൻഡിനെതിരെ നടന്ന ഏകദിന പരമ്പര നഷ്ടമാക്കിയ ടീമാണ് വിൻഡീസ്. ഇരുടീമിലേയും പുതുമുഖങ്ങൾക്ക് ടീമിൽ സ്ഥാനമുറപ്പിക്കാനുള്ല മികച്ച അവസരമാണ് ഈ പരമ്പര.
ജയിച്ച് തുടങ്ങാൻ
ആഫ്രിക്കയിലെ തിരിച്ചടികൾ മറക്കാൻ വിജയത്തുടക്കമാണ് ടീം ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. മായങ്ക് അഗർവാൾ ക്വാറന്റൈൻ പൂർത്തിയാക്കിയില്ലെന്നും ഇഷാൻ കിഷൻ തന്നെയാകും തനിക്കൊപ്പം ഓപ്പണറായി ഇറങ്ങുകയെന്നും ഇന്നലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വ്യക്തമാക്കിയിരുന്നു. ഏറെക്കാലത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ കൈക്കുഴ സ്പിന്നർ കുൽദീപ് യാദവിനും അവസരം ലഭിച്ചേക്കും. ആൾറൗണ്ടർമാരായ വാഷിംഗ്ടൺ സുന്ദർ, പുതുമുഖം ദീപക് ഹൂഡ എന്നിവരിൽ ഒരാളും കളത്തിലുണ്ടാകും. ഒരു വിക്കറ്റുകൂടി എടുത്താൽ യൂസ്വേന്ദ്ര ചഹലിന് ഏകദിനത്തിൽ നൂറ് വിക്കറ്റ് തികയ്ക്കുാം.
സാദ്ധ്യതാടീം: രോഹിത്,ഇഷാൻ, വിരാട്,പന്ത്, സൂര്യകുമാർ,ഹൂഡ/വാഷിംഗ്ടൺ, ചഹർ,ഷർദുൽ,കുൽദീപ്,ചഹൽ,പ്രസിദ്ധ്.
വീര്യത്തോടെ വിൻഡീസ്
കീറോൺ പൊള്ലാഡിന്റെ നേതൃത്വത്തിൽ കുരുത്തുകാട്ടാനാകുമെന്ന പ്രതീക്ഷയിലാണ് വിൻഡീസ്. 2 വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ വെറ്റ്‌റൻ പേസർ കീമർ റോച്ച് ഇന്ന് കളിച്ചേക്കും. അവസാനമായി ഏകദിനം കളിച്ചത് കഴിഞ്ഞ ജൂലായിൽ ആണെങ്കിലും ഇടംകൈയൻ ഓപ്ഷനായി ഡാരൻ ബ്രാവോയ്ക്കും ഇന്ന് അവസരം ലഭിച്ചേക്കും.
സാദ്ധ്യതാ ടീം: പൊള്ലാഡ്, ഹോപ്പ്,കിംഗ്'/ബോണർ,പൂരൻ, ബ്രൂക്ക്സ്,ബ്രാവോ, സ്മിത്ത്/റോമിറോ,ഹോൾഡർ,ഹൊസൈൻ, റോച്ച്,വാൽഷ് ജൂനിയർ.
അഹമ്മദാബാദിൽ തന്നെ
കൊവിഡിനെത്തുടർന്ന് പരമ്പരയിലെ മൂന്ന് മത്സരങ്ങളും അഹമ്മദാബാദിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുക. നാല് ഇന്ത്യൻ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയെങ്കിലും പരമ്പര നിശ്ചയിച്ച സമയത്ത് തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു.
1000
ഏകദിനത്തിൽ 1000 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ രാജ്യമാകാനൊരുങ്ങുകയാണ് ഇന്ത്യ.
ഇതുവരെ കളിച്ച 999 ഏകദിനങ്ങളില്‍ 518 വിജയവും 431 തോല്‍വിയുമാണ് ഇന്ത്യയ്ക്കുള്ളത്. 54.54 ആണ് വിജയ ശരാശരി. 2002-ലാണ് ഇന്ത്യ 500-ാം ഏകദിന മത്സരം കളിച്ചത്. 1974ലാണ് ആദ്യ ഏകദിനത്തിനറങ്ങിയത്.
ലൈവ്: ഉച്ചയ്ക്ക് 1.30മുതൽ സ്റ്റാർസ്പോർട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും.