
വിഴിഞ്ഞം: ഉച്ചക്കടയ്ക്കുസമീപം മദ്യപിക്കാൻ പണം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. വിഴിഞ്ഞം മരുതൂർക്കോണം റോഡിൽ നടന്ന ആക്രമണത്തിൽ പയറ്റുവിള ആർ.സി ചർച്ചിനുസമീപം തേരിവിള പുത്തൻവീട്ടിൽ പരേതനായ ബാബു - ജയന്തി ദമ്പതികളുടെ മകൻ ബി.സജികുമാറാണ് (44) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പയറ്റുവിള വട്ടവിളയിൽ മാക്കാൻ ബിജു എന്ന വിജുകുമാർ (42), കുഴിവിള വടക്കരികത്ത് പുത്തൻവീട്ടിൽ കോരാളൻ എന്ന രാജേഷ് (45) എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 3ന് രാത്രി 8ഓടെയാണ് സംഭവം. ഉച്ചക്കട ഭാഗത്തുനിന്ന് നടന്നുവന്ന വിജുകുമാർ, കോരാളൻ രാജേഷ് എന്നിവരെ സംഭവ സ്ഥലത്തുവച്ച് റജി, സുധീർ, കുത്തേറ്റ സജികുമാർ, മറ്റൊരു സജി കുമാർ എന്നിവരടങ്ങുന്ന സംഘം തടഞ്ഞുനിറുത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് മർദ്ദിച്ചു.
തുടർന്നുള്ള വാക്കുതർക്കത്തിനിടെ വിജുകുമാർ സമീപത്തെ ആക്രിക്കടയിലുണ്ടായിരുന്ന കത്തിയെടുത്ത് സജികുമാറിന്റെ വയറിന്റെ വലതുഭാഗത്തും വലത് തുടയിലും കുത്തുകയായിരുന്നു. റജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുമുന്നിലെ ഗേറ്റിനു സമീപത്തുവച്ചാണ് സംഭവം.
ആക്രമണത്തിനുശേഷം പ്രതികൾ വീട്ടിലേക്കും കുത്തേറ്റ സജികുമാർ ഒപ്പമുണ്ടായിരുന്ന റജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കുംപോയി. തുടർന്ന് ആശുപത്രിയിൽ പോകാനായി വാഹനം അന്വേഷിച്ച് 200 മീറ്ററോളം അകലെയുള്ള ഉച്ചക്കട ജംഗ്ഷനിലെ ബേക്കറിവരെ നടന്നു. ഇതിനിടെ റജി വീട്ടിൽ പോയി സ്വന്തം സ്കോർപിയോ കാറുമായി സുഹൃത്തുക്കൾക്കുമൊപ്പമെത്തി സജികുമാറിനെ കാറിൽ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. എന്നാൽ പൂജപ്പുരയിൽ വച്ച് ഇന്ധനം തീർന്നതിനെ തുടർന്ന് വാഹനം വഴിയിലായി.
പൊലീസ് പട്രോളിംഗ് സംഘത്തിന്റെ നേതൃത്വത്തിൽ 108 ആംബുലൻസ് വിളിച്ചുവരുത്തി രാത്രി 10.15ഓടെ സജികുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. രാത്രി ഒന്നോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും പുലർച്ചെ 5.20ഓടെ മരിച്ചു. സജികുമാറിനെ ആശുപത്രിയിലെത്തിച്ചവർ ഏറെനേരം ആശുപത്രി പരിസരത്തുണ്ടായിരുന്നുവെങ്കിലും മരണം അറിഞ്ഞതോടെ ഒളിവിൽ പോയി. പ്രതികളിലൊരാളായ രാജേഷിനെ സംഭവ സ്ഥലത്തിന് സമീപത്തുവച്ച് രാവിലെ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഉച്ചയോടെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഒന്നാംപ്രതി വിജു കുമാറിനെ ഡ്രോണിന്റെ സഹായത്തോടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ലോറി ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട സജികുമാർ. ഭാര്യ: ഷീജ. പ്ലസ് വൺ വിദ്യാർത്ഥിയായ അഖില, പ്ലസ് ടു വിദ്യാർത്ഥിയായ യദു എന്നിവർ മക്കളാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
ഫോറൻസിക് സംഘം പരിശോധന നടത്തി
സജികുമാറിന് കുത്തേറ്റതിനു സമീപവും റജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലും രക്ത തുള്ളികൾ കണ്ട സ്ഥലത്തും ഫോറൻസിക് വിഭാഗം പരിശോധന നടത്തി. ഈ കെട്ടിടത്തിൽ നിന്ന് ലഭിച്ച മദ്യക്കുപ്പികളിലും ഗ്ലാസിലുമുള്ള വിരലടയാളം ശേഖരിച്ചു. ഫോർട്ട് എ.സി എസ്. ഷാജിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ കെ.എൽ. സമ്പത്ത് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. ഈ കെട്ടിടത്തിൽ സി.സി ടി.വി ഉണ്ടെങ്കിലും ഉടമ ഒളിവിലായതിനാൽ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല.
ഞെട്ടൽ മാറാതെ സജികുമാറിന്റെ കുടുംബം
വിഴിഞ്ഞം: മദ്യപാനത്തിന് പണം നൽകാത്തതിന്റെ പേരിൽ ഉച്ചക്കടയിൽവച്ച് സജികുമാർ കുത്തേറ്റ് മരിച്ചതോടെ കുടുംബം അനാഥമായി. ഭാര്യ ഷീജ, വിദ്യാർത്ഥികളായ മക്കൾ യദു, അഖില, പ്രായമായ അമ്മ എന്നിവരടങ്ങുന്നതാണ് സജികുമാറിന്റെ കുടുംബം.
കുടുംബ വകയായി കിട്ടിയ സ്ഥലത്ത് വീടുവയ്ക്കുന്നതിനായി ലോണെടുത്ത് ഒടുവിൽ ജപ്തി ഭീഷണിയായതോടെ വീട് സഹോദരന് വിറ്റ് കടംവീട്ടി. പിന്നീട് പൂർത്തിയാകാത്ത ഈ വീട്ടിൽ അനിയനൊപ്പം താമസം തുടരുകയായിരുന്നു. വീട്ടിലെ ദാരിദ്ര്യത്തിനിടയിലും മക്കൾ പഠിക്കാൻ മിടുക്കരായിരുന്നു. അഖില കഴിഞ്ഞ എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടി.
വിഴിഞ്ഞം അദാനി പോർട്സിലേക്ക് കരിങ്കല്ല് എത്തിക്കുന്ന ലോറിയിലെ ഡ്രൈവറായിരുന്ന സജികുമാർ ജീവിതം നല്ലനിലയിലെത്തിക്കണമെന്നും വീടുവയ്ക്കണമെന്നുമുള്ള പ്രതീക്ഷയിൽ മുന്നോട്ടുപോകുമ്പോഴാണ് ക്രൂരമായ കൊലയ്ക്ക് ഇരയായത്.