
വിഴിഞ്ഞം: പയറ്റുവിള സ്വദേശി സജികുമാർ കുത്തേറ്റ് മരിച്ച സംഭവത്തിൽ രക്ഷപ്പെട്ട പ്രതികളിലൊരാളായ മാക്കാൻ ബിജുവിനെ പൊലീസ് പിടികൂടിയത് ഡ്രോണിന്റെ സഹായത്തോടെ. ജില്ലയിൽ ആദ്യമായാണ് പൊലീസ് ഡ്രോൺ ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുന്നത്. ആൾപാർപ്പില്ലാത്ത സ്ഥലത്തെ കുറ്റിക്കാട്ടിൽ പ്രതി ഒളിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നറിഞ്ഞാണ് ഈ പ്രദേശം വളഞ്ഞശേഷം ഒരു മണിക്കൂറോളം പൊലീസിനെ വെട്ടിച്ച പ്രതിയെ പിടികൂടിയത്.
പൊലീസിന്റെ സാന്നിദ്ധ്യം മനസിലാക്കിയ ബിജു ആദ്യം കുറ്റിക്കാടുകൾ നിറഞ്ഞ ആൾപ്പാർപ്പില്ലാത്ത സ്ഥലം വഴി ഓടി. ഇതെല്ലാം പൊലീസ് ഡ്രോൺ വഴി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഓട്ടത്തിനിടെ സ്വന്തം വീട്ടിൽക്കയറിയ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റി മറ്റൊരു കൈലിയും ഷർട്ടും ധരിച്ച് പിന്നെയും ഓടി. കുറേ ദൂരം പൊലീസിനെ കബളിപ്പിച്ച് ഓടിയ പ്രതി വീണ്ടും തിരികെ വീട്ടിലെത്തി വീണ്ടും വസ്ത്രം മാറുകയായിരുന്നു. തുടർന്ന് ഇടവഴികളിലൂടെ ഓടിയശേഷം കുറ്റിക്കാട്ടിൽ കമിഴ്ന്ന് കിടന്നു.
എന്നാൽ ഡ്രോൺ കാമറയിൽ നിന്നുള്ള ദൃശ്യങ്ങളിലൂടെ സ്ഥലം മനസിലാക്കിയ പൊലീസ് സംഘം കുറ്റിക്കാട്ടിന്റെ മറവിൽ കമിഴ്ന്നുകിടന്ന വിജുവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.
ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.എൽ. സമ്പത്ത്, ജി. വിനോദ്, എ.എസ്.ഐ സാബുചന്ദ്രൻ, പൊലീസുകാരായ കൃഷ്ണകുമാർ, ഡിപിൻ, ഷൈൻരാജ്, രാമു, അഭിലാഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
താവളം കരിങ്കൽ ബ്രദേഴ്സ്
യുവാവിന് കുത്തേറ്റത് മദ്യപസംഘത്തിന്റെ സ്ഥിരം താവളമായ കരിങ്കൽ ബ്രദേഴ്സ്, തേപ്പ്വിള എന്നു പേരിട്ട കെട്ടിടത്തിലാണ്. ഏറുമാടം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. ഇവിടെ സ്ഥിരമായി മദ്യപിക്കുന്നവരുടെയും സുഹൃത്തുക്കളുടെയും ഫോട്ടോകൾ ചുമരിൽ ഒട്ടിച്ചിട്ടുണ്ട്.
മീൻ കറിക്ക് കഷണമില്ലാത്തതിന്
ഭാര്യയെ തല്ലി
തനിക്ക് നൽകിയ മീൻ കറിയിൽ കഷണമില്ലെന്നും മകന് കൂടുതൽ നൽകിയെന്നും പറഞ്ഞ് ഭാര്യയെയും മകനെയും തല്ലിയ കേസിൽ മാക്കാൻ ബിജുവിനെതിരെയും യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒളിവിലായ റെജിക്കെതിരെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും കേസെടുത്തിരുന്നു.
ഫോട്ടോ: കൊലക്കേസ് പ്രതി മാക്കാൻ ബിജുവിനെ
കണ്ടെത്താൻ പൊലീസ് ഡ്രോൺ ഉപയോഗിക്കുന്നു
ഫോട്ടോ: മദ്യപസംഘത്തിന്റെ സ്ഥിരം താവളമായ
കരിങ്കൽ ബ്രദേഴ്സിൽ ഫോട്ടോകൾ ഒട്ടിച്ച നിലയിൽ