gfggf

ജനീവ : കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസിസും ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങും ചർച്ച നടത്തി. ട്വിറ്ററിലൂടെ ടെഡ്രോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനീസ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തനാണെന്നും ലോകരാജ്യങ്ങൾക്കിടയിൽ വാക്സിൻ സമത്വം ഉറപ്പാക്കാനും ലോകജനസംഖ്യയുടെ 70 ശതമാനം പേർക്ക് വാക്സിൻ നല്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനെപ്പറ്റി കെചിയാങുമായി ചർച്ച ചെയ്തെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൊവിഡിന്റെ ഉത്ഭവം കണ്ടെത്താൻ ശാസ്ത്രത്തിലൂന്നിയ ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡിനെതിരായ പോരാട്ടത്തിൽ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അതിന് ചൈനയുടെ പൂർണ സഹകരണം അത്യാവശ്യമാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസിസ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കൊവിഡിന്റെ തുടക്കത്തിൽ വൈറസിനെക്കുറിച്ചുള്ള മതിയായ വിവരങ്ങൾ ലഭ്യമല്ലാത്തത് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ഒട്ടേറെ വീഴ്ച സംഭവിക്കാൻ കാരണമായതായും ഇത്തരം വീഴ്ചകൾ ഭാവിയിൽ സംഭവിക്കാതിരിക്കാൻ കൊവിഡിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ വർഷം കൊവിഡ് പഠനങ്ങൾക്കായി ലോകാരോഗ്യ സംഘടന രൂപീകരിച്ച കമ്മിറ്റിക്ക് മുന്നിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ ചൈനയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ചൈന വിവരങ്ങൾ പങ്കുവയ്ക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് അന്വേഷണം വഴിമുട്ടിയതോടെ അമേരിക്ക ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ചൈനക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.