
ന്യൂയോർക്ക് : മാൻഹാട്ടനടുത്തുള്ള യൂണിയൻ സ്ക്വയറിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ കൂറ്റൻ വെങ്കല പ്രതിമ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. അക്രമികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അമേരിക്കയിലെ ഇന്ത്യൻ എംബസി കടുത്ത നിരാശയും ഞെട്ടലും രേഖപ്പെടുത്തി. പ്രതിമ നശിപ്പിച്ചതിനെ ശക്തമായി അപലപിച്ച ഇന്ത്യൻ എംബസി പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ടു. വിഷയം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ടെന്നും കാര്യക്ഷമമായി അന്വേഷണം നടത്തി, കുറ്റവാളികളെ എത്രയും പെട്ടെന്ന് പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ എംബസി അറിയിച്ചു. ഗാന്ധി മെമ്മോറിയൽ ഇന്റർനാഷണൽ ഫൗണ്ടേഷൻ , 1986 ഒക്ടോബർ രണ്ടിന്, ഗാന്ധിജിയുടെ 117 ാം ജന്മദിനത്തോടനുബന്ധിച്ചാണ് 8 അടി ഉയരമുള്ള ഈ പ്രതിമ സംഭാവനയായി നല്കിയത്. പിന്നീട് 2001 ൽ ഈ പ്രതിമ അറ്റകുറ്റപ്പണികൾക്കായി മാറ്റുകയും 2002 ൽ പുനസ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ മാസവും സമാനമായ സംഭവത്തിൽ കാലിഫോർണിയയിലെ ഗാന്ധി പാർക്കിലെ പ്രതിമ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചിരുന്നു. 2016ൽ ഇന്ത്യ യു.എസിന് സമ്മാനമായി നൽകിയതായിരുന്നു 6 അടി ഉയരത്തിലുള്ള ഈ വെങ്കല പ്രതിമ. പ്രതിമയുടെ മുഖ ഭാഗത്തിന്റെ പകുതിയോളം തകർന്ന നിലയിലായിരുന്നു. തുടർന്ന് പ്രതിമ അവിടെ നിന്ന് നീക്കം ചെയ്ത് സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്ന് ഡേവിസ് സിറ്റി കൗൺസിലർ അറിയിച്ചു.