gold-smuggling

തിരുവനന്തപുരം: നയതന്ത്ര ബാഗിൽ സ്വർണ്ണമാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെന്ന അധികാരമുപയോഗിച്ച് കസ്റ്റംസിനെ വിളിച്ചതിനു പുറമെ, ബംഗളൂരുവിലേക്ക് ഒളിവിൽ പോവാനും മുൻകൂർജാമ്യം നേടാനും ശിവശങ്കർ തനിക്ക് ഒത്താശ ചെയ്തെന്ന സ്വപ്നയുടെ വെളിപ്പെടുത്തലോടെ സ്വർണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിൽ.

ബാഗിൽ സ്വർണ്ണമാണെന്നറിഞ്ഞാണ് ശിവശങ്കർ ഇടപെട്ടതെന്ന വെളിപ്പെടുത്തൽ, അദ്ദേഹത്തിനെതിരായ കുറ്റപത്രത്തിന് ബലം പകരും. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിതെറ്റിക്കാനും മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമിക്കുന്നെന്ന് വരുത്താൻ ശബ്ദരേഖകൾ ഉണ്ടാക്കിയതും ശിവശങ്കറാണെന്ന് സ്വപ്ന പറഞ്ഞത് സർക്കാരിനും തിരിച്ചടിയായി.

എൻഫോഴ്സ്‌മെ‌ന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരിക്കെ, വനിതാപൊലീസുകാരിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡി നിർബന്ധിക്കുന്നെന്ന ശബ്ദരേഖയുണ്ടാക്കിയത്. ഒളിവിലായിരിക്കെ, സർക്കാരിനെ വെള്ളപൂശി ശബ്ദരേഖയുണ്ടാക്കിയതും ശിവശങ്കറായിരുന്നെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. സ്വപ്നയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വിശദമായ തുടരന്വേഷണം നടത്താനാണ് കേന്ദ്രഏജൻസികൾ ഒരുങ്ങുന്നത്. ജുഡിഷ്യൽ അന്വേഷണം റദ്ദാക്കിയതിനെതിരായ അപ്പീലിലും സ്വപ്നയുടെ വെളിപ്പെടുത്തൽ കേന്ദ്രഏജൻസികൾ ഉപയോഗിക്കും. തന്നെ ചൂഷണം ചെയ്തെന്നതടക്കം സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ഗുരുതരമാണ്.

രണ്ടാംപ്രതിയായ സ്വപ്നയെ മാപ്പുസാക്ഷിയാക്കി കേസ് ബലപ്പിക്കാനും ഇടയുണ്ട്. 164പ്രകാരം നൽകിയ രഹസ്യമൊഴിയിലെ കാര്യങ്ങളാണ് സ്വപ്ന വെളിപ്പെടുത്തിയത്.

ദുബായിൽ നിന്നെത്തിച്ച 13.5 കോടിയുടെ 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടിക്കുന്നതിന് മുമ്പും ഇത്തരം ബാഗുകൾ വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടിട്ടുണ്ടെന്നും പിടിച്ച ബാഗിൽ സ്വർണ്ണമുണ്ടെന്ന് താൻ ഫോണിലും നേരിട്ടും ശിവശങ്കറിനെ അറിയിച്ചെന്നുമാണ് സ്വപ്ന പറയുന്നു. സ്വർണക്കടത്ത് അറിയാമായിരുന്നിട്ടും മറച്ചുവച്ചതിന് കസ്റ്റംസ് ശിവശങ്കറിന് കുറ്റപത്രം നൽകിയിരിക്കയാണ്. ഇനി ശിവശങ്കറിന്റെ പങ്കാളിത്തം വിശദമായി അന്വേഷിച്ചേക്കും. കോൺസുലേറ്റിനെ മറയാക്കിയ എല്ലാ സ്വർണ്ണക്കടത്തും ശിവശങ്കറിന് അറിയാമായിരുന്നെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.

ലൈഫ് മിഷനിലേതടക്കം നിരവധി ഇടപാടുകളിലെ കമ്മിഷൻ പണമാണ്, ശിവശങ്കറിന്റെ ലോക്കറിലുണ്ടായിരുന്നതെന്ന് സ്വപ്ന പറയുന്നു. ലോക്കറിലുണ്ടായിരുന്നത് ശിവശങ്കറിന്റെ പണമാണെന്നാണ് സൂചന. സ്വപ്നയുടെ പണം ലോക്കറിൽ വയ്ക്കാൻ സഹായിച്ചെന്നാണ് ശിവശങ്കർ ഇതുവരെ പറഞ്ഞിരുന്നത്. സർക്കാരിന്റെ കൂടുതൽ പദ്ധതികളിലെ അഴിമതികളിലേക്ക് അന്വേഷണം നീളാനിടയാക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.

 കേന്ദ്രഏജൻസികൾക്ക് ക്ലീൻചിറ്റ്

മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് പറയിക്കാൻ കേന്ദ്രഏജൻസികൾ സമ്മർദ്ദം ചെലുത്തിയില്ലെന്ന് സ്വപ്ന പറയുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് സാധാരണ ചോദ്യങ്ങൾ മാത്രമാണുണ്ടായത്. ശിവശങ്കർ വഴിയാണ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നത്. കുടുംബവുമായി വലിയ പരിചയമില്ല. ഷാർജാ ഭരണാധികാരിയുടെ സന്ദർശനത്തിനിടെയാണ് ഭാര്യ കമലയുമായി ബന്ധപ്പെട്ടത്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് പോയിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.