
പോത്തൻകോട്: കഴിഞ്ഞ ദിവസം ചന്തവിളയിൽ നടന്ന അടിപിടിക്കിടെ കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിന് ഗുരുതരമായി പരിക്കേറ്റ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി. അയിരൂപ്പാറ സ്വദേശി കുട്ടൻ, ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെയാണ് പോത്തൻകോട് പൊലീസ് പിടികൂടിയത്.
രണ്ടാം പ്രതി അയിരൂപ്പാറ സ്വദേശി സ്റ്റീഫൻ ഒളിവിലാണ്. ബുധനാഴ്ച രാത്രി കഴക്കൂട്ടം ചന്തവിളയിലെ കടത്തിണ്ണയിൽ വച്ചുണ്ടായ തർക്കത്തിനിടെ കല്ലും കുപ്പിയും കൊണ്ടുള്ള അടിയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മെന്റൽ ദീപു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കൊലക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ മങ്ങാട്ടുകോണത്തു നിന്നാണ് അറസ്റ്റുചെയ്തത്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.