
മുംബയ്: അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന വിഖ്യാത ഗായിക ലതാ മങ്കേഷ്കർ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ഡോക്ടർമാർ. ഇന്ന് വൈകുന്നേരം ആശുപത്രി പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഗായികയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. അതികഠിനമായ ചികിത്സാരീതികളാണ് നിലവിൽ നടത്തുന്നതെന്നും എന്നാൽ ലതാ മങ്കേഷ്കർ ചികിത്സയോടും മരുന്നുകളോടും പ്രതികരിച്ച് തുടങ്ങിയത് ശുഭസൂചനയാണെന്ന് ഗായികയെ ചികിത്സിക്കുന്ന ഡോ പ്രതീത് സംദാനി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ലതാ മങ്കേഷ്കർ ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് 92കാരിയായ ലതാ മങ്കേഷ്കറിനെ മുംബയ് ബ്രീച്ച് കാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജനുവരി 30ഓടെ കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ആയിരക്കണക്കിന് ഹിന്ദി ചലച്ചിത്ര ഗാനങ്ങളും മലയാളത്തിൽ ഉൾപ്പടെ ഇന്ത്യയിലെ മിക്ക ഭാഷകളിലും പാട്ടുകൾ പാടിയ ഗായികയുമാണ്. 2001ൽ രാജ്യം ഭാരതരത്ന നൽകി ആദരിച്ചിരുന്നു.