balachnadrakumar

കൊച്ചി: പത്ത് വർഷം മുമ്പ് കൊച്ചിയിൽ വച്ച് സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചതായി കണ്ണൂർ സ്വദേശിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എളമക്കര പാെലീസ് ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തു.

തൃശൂരിലെ ഹോട്ടലിൽ വച്ച് അവിചാരിതമായി പരിചയപ്പെട്ട സിനിമാ പ്രവ‌ർത്തകനിൽ നിന്ന് ലഭിച്ച ബാലചന്ദ്രകുമാറിന്റെ നമ്പരിലേക്ക് ജോലി ആവശ്യപ്പെട്ട് വിളി​ച്ചപ്പോൾ അവസരം നൽകാമെന്ന് അറിയിച്ചു. ഒരുമാസത്തിന് ശേഷം എറണാകുളത്തേക്ക് വിളിച്ചുവരുത്തി. നഗരത്തി​ലെ സിനിമാ ഗാനരചയിതാവിന്റെ വീട്ടിൽ മുകൾ നിലയിൽ വച്ചായിരുന്നു പീഡനം. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി.

നടിക്ക് നീതി ലഭിക്കുന്നതിനായി ചാനലുകളിൽ സംസാരിക്കുന്നത് കണ്ടതോടെയാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. അഭിഭാഷകയ്ക്കൊപ്പം ഇന്നലെ രാവിലെ 11.30ഓടെയാണ് കമ്മിഷണർ ഓഫീസിലെത്തി പരാതി നൽകിയത്.