ghgffg

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി അറിയപ്പെടുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐ.എസ്.എസ്) പ്രവർത്തനം നാസ 2031ഓടെ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇതിനായുള്ള പദ്ധതിരേഖ യു.എസ് കോൺഗ്രസിന് മുമ്പാകെ നാസ സമർപ്പിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം ബഹിരാകാശത്തുനിന്ന് തിരികെയെത്തുന്ന നിലയത്തെ ശാന്തസമുദ്രത്തിലെ 'ബഹിരാകാശവാഹനങ്ങളുടെ സെമിത്തേരി' എന്നറിയപ്പെടുന്ന പോയിന്റ് നെമോ മേഖലയിൽ വീഴ്ത്താനാണ് നാസയുടെ ലക്ഷ്യം. .2030 വരെ ഐ.എസ്.എസ് പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് പ്രസിഡന്റ് ജോ ബൈഡൻ നൽകിയതെന്ന് നാസ അറിയിച്ചു. അതേ സമയം നിലവിൽ സ്വകാര്യമേഖല സാങ്കേതികപരമായും സാമ്പത്തികപരമായും ബഹിരാകാശ നിലയങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രാപ്തിയുള്ളതാണെന്നും അവർക്ക് എല്ലാ വിധ പിന്തുണയും നല്കുമെന്നും നൽകുമെന്നും നാസ അറിയിച്ചിട്ടുണ്ട്.

ഭൂമിയിൽ നിന്നും 300ലേറെ കിലോമീറ്ററുകൾ അകലെയായി ബഹിരാകാശത്ത് സ്ഥിതി ചെയ്യുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നാസയുടെ നേതൃത്വത്തിൽ 1998ലാണ് വിക്ഷേപിച്ചത്. യു.എസ്, റഷ്യ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളും പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ബഹിരാകാശ സംഘടനകളുടേയും പരിശ്രമ ഫലമായാണ് ഐ.എസ്.എസ് യാഥാർഥ്യമാക്കിയത്. ബഹിരാകാശത്ത് ഭൂമിയിൽ നിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയിലായാണ് ഐ.എസ്.എസിന്റെ സഞ്ചാര പാത. ഐ.എസ്.എസിൽ സഞ്ചരിക്കുന്ന ബഹിരാകാശ യാത്രികർക്ക് ഒരു ദിവസം 16 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാൻ സാധിക്കും. 2000 മുതൽ ഐ.എസ്.എസിൽ സ്ഥിരമായി മനുഷ്യ സാന്നിദ്ധ്യമുണ്ട്. 1998 ൽ ഈ ബഹിരാകാശ നിലയം വിക്ഷേപിക്കുമ്പോൾ 15 വർഷം വരെ പ്രവർത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ 2030 വരെ പ്രവർത്തിക്കാൻ ഇതിന് കഴിയുമെന്ന് നാസ വ്യക്തമാക്കി.