
ആന്റിഗ്വ: അണ്ടർ - 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ളണ്ടിനെതിരെ ഇന്ത്യക്ക് 190 റൺ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 44.5 ഓവറിൽ 189 റണ്ണിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ 47-6 എന്ന നിലയിൽ പതറിയ ഇംഗ്ളണ്ടിനെ എട്ടാം വിക്കറ്റിൽ ജയിംസ് റെവും ജയിംസ് സെയ്ൽസും ചേർന്നാണ് കരകയറ്റിയത്. 95 റണ്ണെടുത്ത റെവിനെ രവി കുമാ പുറത്താക്കി. 35 റണ്ണോടെ സെയ്ൽസ് പുറത്താകാതെ നിന്നു.
ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്ടൻ ടോം പ്രെസ്റ്റ് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇംഗ്ളണ്ടിന് സംഭവിച്ചത്. ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഇംഗ്ളണ്ട് താരങ്ങൾ ഓരോരുത്തരായി നിരാശപ്പെടുത്തുകയായിരുന്നു.
അഞ്ച് വിക്കറ്റെടുത്ത മീഡിയം പേസർ രാജ് ബാവയും നാല് വിക്കറ്റെടുത്ത പേസർ രവികുമാറുമാണ് ഇംഗ്ളണ്ടിന്റെ നടുവ് ഒടിച്ചത്. വളരെ അച്ചടക്കത്തോടെയാണ് ഇന്ത്യയുടെ കൗമാരത്താരങ്ങൾ പന്തെറിഞ്ഞത്. അഞ്ച് വൈഡും ഒരു ലെഗ്ബൈയും ഉൾപ്പെടെ ആറ് റൺ മാത്രമാണ് എക്‌സ്ട്രാ റണ്ണായി ഇന്ത്യ വിട്ടുകൊടുത്തത്.
അതേസമയം മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി ലഭിച്ചു. ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ തന്നെ റണ്ണൊന്നുമെടാക്കാതെ ഓപ്പണർ അംഗ്ക്രിഷ് രഘുവംശി പുറത്തായി. ബോയ്ഡന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഹോർട്ടൺ പിടിച്ചാണ് രഘുവംശി പുറത്തായത്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 18 റണ്ണെടുത്തിട്ടുണ്ട്.