
ആലങ്ങാട്: മാഞ്ഞാലിയിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തെയും സഹോദരനെയും വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ആക്രമി സംഘത്തെ സഹായിച്ച എസ്.എഫ്.ഐ നേതാവ് ഉൾപ്പെടെ രണ്ടു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കരുമാലൂർ ആനച്ചാലിൽ വീട്ടിൽ അഖിൽ (പപ്പി, 23), തട്ടാംപടി ചെട്ടിക്കാട് കാരുകുളത്തിങ്കൽ വീട്ടിൽ ആകാശ് (27) എന്നിവരാണ് അറസ്റ്റിലായത്.
സി.പി.എം മാട്ടുപുറം ബ്രാഞ്ച് കമ്മിറ്റി അംഗം എരമംഗലത്ത് നവാസിനെയും സഹോദരൻ ഷാനവാസിനെയുമാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി ആറംഗ സംഘം വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കയറി ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതിയായ പറവൂരിലെ ഗുണ്ട പൊക്കൻ അനൂപും സംഘത്തിലെ അഞ്ചു പേരുമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിനു മുമ്പും ശേഷവും പ്രതികളുമായി അഖിലും ആകാശും ബന്ധപ്പെട്ടിരുന്നു.
പ്രതികൾക്ക് ഷാനവാസിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത് ഇവരാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നടന്ന് ഒമ്പതു ദിവസം പിന്നിടുമ്പോഴും കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആലുവ വെസ്റ്റ് പൊലീസിൽ നിന്നു കേസന്വേഷണം ആലുവ ഡിവൈ.എസ്.പി. ഏറ്റെടുത്തിട്ടും കാര്യമായ പുരോഗതിയില്ല.