
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾക്കെതിരെ എതിർവാദം ഉന്നയിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിന് ബലം പകരാന്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസാണിതെന്നും അതുകൊണ്ടുതന്നെ ജാമ്യം നല്‍കണമെന്നുമാണ് ദിലീപിന്റെ ആവശ്യം .
തനിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച പല വാദങ്ങളും തെറ്റാണെന്നും ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നും ദിലീപ് പറയുന്നു. എറണാകുളം എം.ജി റോഡിൽ മഞ്ജു വാര്യരുടെ ഉടമസ്ഥതയിലുള്ള മേത്തർ ഫ്ളാറ്റിൽ വച്ച് ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷൻ പറയുന്നു. എന്നാൽ, എം.ജി റോഡിൽ ഇങ്ങനെയൊരു ഫ്ളാറ്റില്ല. ശ്രീകണ്ഠത്ത് റോഡിൽ മേത്തർ ഡോവർ കോർട്ട് അപ്പാർട്ട്മെന്റ് ആണുള്ളത്. അത് തന്റെ പേരിലാണ്.
വിദേശത്തുള്ള ആലുവ സ്വദേശി വ്യവസായി സലിമിന്റെ മൊഴി എടുക്കാതെയാണ് പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സലിം നൽകിയ പരാതി ക്രൈംബ്രാഞ്ച് ഓഫീസിലുള്ളതായി അറിവുണ്ട് .
തനിയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യനായ സാക്ഷിയല്ല. ബാലചന്ദ്രകുമാര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. അദ്ദേഹം നല്കിയ ശബ്ദരേഖകളും മൊബൈല്‍ ഫോണും അടിസ്ഥാനമാക്കിയാണ് കേസിന്റെ അന്വേഷണം. തനിക്കെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ ശബ്ദരേഖകൾ ആളുകളെ ഉപയോഗിച്ച് ശബ്ദാനുകരണം നടത്തി റെക്കാഡ് ചെയ്തതാണെന്നും ശബ്ദരേഖാ പകർപ്പുകൾ കിട്ടിയശേഷം ഇക്കാര്യം തെളിയിക്കാമെന്നും ദിലീപ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു
അനൂപിന്റെ ശബ്ദരേഖയായി പറയുന്ന കാര്യങ്ങളിലെ ശബ്ദം തിരിച്ചറിഞ്ഞിട്ടില്ല. തെറ്റായ കാര്യങ്ങൾ പറഞ്ഞു കുറ്റസമ്മതം നടത്താൻ ചോദ്യംചെയ്യലിൽ അന്വേഷണ സംഘം നിർബന്ധിച്ചപ്പോഴാണ് ഇതുമായി സഹകരിക്കാനാവില്ലെന്നു പറഞ്ഞ് നിഷേധിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി ബൈജു പൗലോസിനെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന വാദം അടിസ്ഥാരഹിതമാണ്. വിചാരണക്കോടതിയുടെ വളപ്പില്‍ വെച്ച് 2017 ഡിസംബറില്‍ ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ 2017 ല്‍ കേസ് പ്രത്യേക കോടതിയില്‍ എത്തിയിട്ടില്ല. 2018 ഫെബ്രുവരിയിലാണ് അങ്കമാലി കോടതിയില്‍ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് ബൈജു പൗലോസ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും ദിലീപ് ചോദിച്ചു.
.
2021 ഒക്ടോബർ 26ന് ദാസനെ ഫോണിൽ വിളിച്ചപ്പോൾ തന്നെക്കുറിച്ച് ദിലീപിന്റെ വീട്ടിൽ ചർച്ച നടക്കുകയാണെന്ന് പറഞ്ഞതായി ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്. എന്നാൽ, തന്റെ വീട്ടിലെ സഹായിയായിരുന്ന ദാസൻ 2020ൽ പിരിഞ്ഞുപോയി. ദാസനെയും മകനെയും അന്യായമായി കസ്റ്റഡിയിൽ വച്ചു പറയിപ്പിച്ചതാകാം ഇതെന്നും ദിലീപ് ആരോപിക്കുന്നു.
കേസില്‍ പ്രോസിക്യൂഷന്റെ ദിലീപ് അടക്കമുള്ള പ്രതികളുടെയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് പറഞ്ഞതോടയാണ് ഇക്കാര്യങ്ങള്‍ രേഖാമൂലം ബോധിപ്പിയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ തിങ്കളാഴ്ച രാവിലെ 10.15 ന് കോടതി വിധി പ്രഖ്യാപിക്കും.