fffdfd

വാഷിംഗ്ടൺ : ലോകരാജ്യങ്ങളിൽ കൊവിഡ് ഏറ്റവും കൂടുതൽ വിനാശം വിതച്ച അമേരിക്കയിൽ മഹാമാരി മൂലം മരണമടഞ്ഞവരുടെ എണ്ണം 9 ലക്ഷം കടന്നു. ഡെൽറ്റക്കൊപ്പം അടുത്തിടെ ഒമിക്രോൺ കൂടി രാജ്യത്ത് പടർന്ന് പിടിച്ചതോടെയാണ് മരണനിരക്ക് വീണ്ടും ഉയർന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം നടന്ന രാജ്യവും യു.എസാണ്.അതേ സമയം യു.എസിലെ 49 സംസ്ഥാനങ്ങളിലും കൊവിഡ് നിരക്ക് കുറയുകയാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. . എന്നാൽ പ്രതിദിനം കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 2000 ന് മുകളിലാണ്. രാജ്യത്ത് അടുത്തിടെയുണ്ടായ ഒരു ലക്ഷം മരണങ്ങളിൽ കൂടുതലും ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ മൂലമാണ്.കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം 8 ലക്ഷം ആളുകളാണ് അമേരിക്കയിൽ മരണപ്പെട്ടത്. രണ്ട് മാസം പൂർത്തിയാകുന്നതിന് മുമ്പേ ഒരു ലക്ഷം പേർക്ക് കൂടി ജീവൻ നഷ്ടമായി. ഡെൽറ്റയുടെയത്ര മാരകമല്ലെങ്കിലും ഒമിക്രോണിന് വ്യാപന ശേഷി കൂടുതലായതിനാലാണ് മരണനിരക്ക് വർദ്ധിച്ചത്. കൊവിഡ് രൂക്ഷമായതോടെ ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് മതിയായ ചികിത്സ കിട്ടാതെ മരിക്കുന്ന സ്ഥിതിയും രാജ്യത്തുണ്ടെന്നാണ് റിപ്പോർട്ട്.

രണ്ടു വർഷം മുമ്പ് കൊവിഡ് ബാധിച്ച് യു.എസിൽ ഒമ്പതു ലക്ഷം ആളുകൾ മരിക്കുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാത്ത സ്ഥിതിയായിരുന്നു. എന്നാൽ, അത് യാഥാർഥ്യമായിരിക്കുന്നതായി ബ്രൗൺ യൂണിവേഴ്സിറ്റി സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്തിലെ ഡോ. ആഷിക് കുമാർ ജാ പറഞ്ഞു.

അതേ സമയം രാജ്യത്തെ കൊവിഡ് മരണം 9 ലക്ഷം കടന്ന സാഹചര്യത്തിൽ മഹാമാരിയെ പിടിച്ചുകെട്ടാൻ വാക്സിനേഷനല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അതിനാൽ എല്ലാവരും വാക്സിനെടുക്കാൻ തയ്യാറാകണമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭ്യർത്ഥിച്ചു.

മഹാമാരിയിൽ തകർന്ന ജീവിതങ്ങൾക്ക് താങ്ങും തണലുമായി അമേരിക്കൻ ഭരണകൂടം എന്നും നിലകൊള്ളും. കൊവിഡ് മൂലം ഉറ്റവർ നഷ്ടമാവരുടെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. യു.എസിലെ 21.2 കോടി ആളുകൾ ഇതുവരെ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ആകെ ജനസംഖ്യയുടെ 64 ശതമാനമാണിത്. എന്നാൽ രാജ്യത്ത് വാക്സിനേഷൻ പ്രക്രിയ മന്ദഗതിയിലാണെന്ന വിമർശനം പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. വാക്സിൻ വിരുദ്ധ പ്രചാരണം ശക്തമായി നിലനിൽക്കുന്നതും ബൈഡൻ ഭരണകൂടത്തിന് തലവേദനയായിരിക്കുകയാണ്.