balachandrakumar

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. യുവതിയുടെ മൊഴിയെടുത്ത ശേഷം പരാതി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി മുന്നോട്ടുപോകുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

2011ൽ കൊച്ചിയിൽ വച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് കണ്ണൂർ സ്വദേശിനിയുടെ പരാതി. യുവതി ഇന്നലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എളമക്കര പാെലീസ് ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തിരുന്നു.

ജോലി ആവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനെ വിളി​ച്ചപ്പോൾ അവസരം നൽകാമെന്ന് അറിയിച്ചു. ഒരുമാസത്തിന് ശേഷം എറണാകുളത്തേക്ക് വിളിച്ചുവരുത്തി. നഗരത്തി​ലെ സിനിമാ ഗാനരചയിതാവിന്റെ വീട്ടിലെ മുകൾ നിലയിൽ വച്ച് പീഡനത്തിനിരയാക്കി. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും, അത് പ്രചരിപ്പിക്കുമെന്നും ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.


നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയതിന് താൻ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പത്ത് വർഷം മുൻപ് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി രംഗത്തെത്തിയത്.