lata-mangeshkar

മുംബയ്: കൊവിഡ് ബാധിച്ചതിനെ തുടർന്ന് മുംബയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

തൊണ്ണൂറ്റിരണ്ടുകാരിയായ ലതാ മങ്കേഷ്ക‌ർ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നിരവധി പ്രമുഖർ ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് ആശുപത്രിയിൽ എത്തുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ച് ആശുപത്രിയിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ചതോടെ ഇടയ്ക്ക് അപകടനിലയിലായെങ്കിലും തരണം ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുൻപ് കൊവിഡ് മുക്തയായിരുന്നു.