dileep

കൊച്ചി: ബാലചന്ദ്രകുമാറിനെതിരെ കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശം പുറത്തുവിട്ട് നടൻ ദിലീപ്. ബാലചന്ദ്രകുമാർ അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് ദിലീപ് പുറത്തുവിട്ടത്. താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഓഡിയോയിൽ ഉള്ളത്. നാല് മാസത്തിനകം സിനിമ ഉണ്ടാകുമെന്ന് കള്ളം പറയണം എന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെടുന്നു. 2021 ഏപ്രിൽ 14ന് അയച്ച സന്ദേശമാണ് ദിലീപ് പുറത്തുവിട്ടിരിക്കുന്നത്.

താൻ വിഷയം ഒരുപാട് വലിച്ചുനീട്ടുന്നില്ല. കാര്യങ്ങളൊക്കെ സാറുമായി സംസാരിച്ചിട്ടുള്ളതാണ്. ഈ സന്ദേശം അയക്കുന്നത് സാറിനെ ഭീഷണിപ്പെടുത്തുന്നതിനോ വിഷമിപ്പിക്കുന്നതിനോ മറ്റെന്തെങ്കിലും ദുരുദ്ദേശത്തോടുകൂടിയോ അല്ല. ഇത് മറ്റാർക്കെങ്കിലും കൈമാറുകയോ ഇതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ഇല്ല. സാജിദ് പരസ്പര വിരുദ്ധമായി കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സംസാരിച്ചു. ദിലീപ് സാറിനോട് പറഞ്ഞ് സിനിമ അനൗൺസ് ചെയ്യാൻ സാധിക്കുമോ എന്ന് താൻ ചോദിച്ചു. അത് നടക്കില്ലെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. സാറിന്റെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹം തന്നോട് ഇത് നടക്കില്ലെന്ന് പറഞ്ഞു. ഇല്ലെങ്കിൽ താൻ സിനിമ ഉപേക്ഷിക്കാം. താൻ ജീമോൻ ജോർജിന് പത്തര ലക്ഷം രൂപ നൽകാനുണ്ട്. ഈ സിനിമയുടെ കാര്യം പറഞ്ഞായിരുന്നു അദ്ദേഹത്തെ പിടിച്ചുനിർത്തിയിരുന്നതെന്നും ശബ്ദ സന്ദേശത്തിൽ ബാലചന്ദ്രകുമാർ പറയുന്നു.

അതേസമയം, 2011ൽ കൊച്ചിയിൽ വച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. യുവതിയുടെ മൊഴിയെടുത്ത ശേഷം പരാതി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി മുന്നോട്ടുപോകുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. യുവതി കഴിഞ്ഞ ദിവസമാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എളമക്കര പാെലീസ് ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തിരുന്നു.

ജോലി ആവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനെ വിളി​ച്ചപ്പോൾ അവസരം നൽകാമെന്ന് അറിയിച്ചു. ഒരുമാസത്തിന് ശേഷം എറണാകുളത്തേക്ക് വിളിച്ചുവരുത്തി. നഗരത്തി​ലെ സിനിമാ ഗാനരചയിതാവിന്റെ വീട്ടിലെ മുകൾ നിലയിൽ വച്ച് പീഡനത്തിനിരയാക്കി. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും, അത് പ്രചരിപ്പിക്കുമെന്നും ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയതിന് താൻ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പത്ത് വർഷം മുൻപ് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി രംഗത്തെത്തിയത്.