
തൊണ്ണൂറ്റിരണ്ടാമത്തെ വയസിൽ ഇന്ത്യയുടെ വാനമ്പാടി വിടവാങ്ങുമ്പോൾ അധികമാർക്കും അറിയാത്ത അവരുടെ ജീവിതത്തിലെ ചില കാര്യങ്ങളും ചർച്ചയാകുകയാണ്. മറാഠി നടാക വേദിയിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന ഗായകനും നടനും സംവിധായകനുമൊക്കെയായ ദിനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിരയുടെയും അഞ്ചുമക്കളിൽ മൂത്തയാളാണ് ലതാ മങ്കേഷ്‌കർ.
1929 സെപ്തംബർ 28ന് മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. അന്ന് ഹേമ മങ്കേഷ്‌കർ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. പിന്നീടാണ് പേര് മാറ്റിയത്. ദിനാനാഥിന്റെ മരിച്ചുപോയ ആദ്യവിവാഹത്തിലെ മകളായ ലതികയുടെ ഓർമയ്ക്കായിട്ടാണ് 'ലതാ മങ്കേഷ്‌കർ' എന്ന് വിളിച്ചു തുടങ്ങിയതെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ ദിനാനാഥിന്റെ ഒരു നാടകത്തിലെ കഥാപാത്രത്തിന്റെ ഓർമയ്ക്കായിട്ടാണ് ലത എന്ന് പേര് മാറ്റിയതെന്നും പറയപ്പെടുന്നു. ലതയ്ക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് പിതാവ് മരണമടഞ്ഞത്. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം പതിമൂന്നുകാരിയുടെ ചുമലിലായി. കുടുംബ സുഹൃത്തും നവ്‌യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റർ വിനായകാണ് ലതയ്ക്ക് സിനിമയിലേക്ക് അവസരം വാങ്ങിക്കൊടുത്തത്.
രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം
ലതാ മങ്കേഷ്‌കറുടെ മരണത്തില്‍ രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം. ഗായികയോടുള്ള ആദരസൂചകമായി രണ്ടുദിവസം ദേശീയ പതാക പകുതി താഴ്ത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു.