
ഇന്ന് അന്തരിച്ച ഇന്ത്യയുടെ വാനമ്പാടിയായ ലതാമങ്കേഷ്‌കർ സംഗീത പ്രേമികളുടെ കണ്ണും കരളും നിറച്ച ഒരു പിടി നല്ല ഗാനങ്ങൾ സംഭാവന ചെയ്ത വ്യക്തിത്വമാണ്. ഒരു കാലത്ത് ബോളിവുഡിൽ ലതയുടെ ശബ്ദത്തിൽ ചിട്ടപ്പെടുത്താത്ത ഗാനമില്ലാത്ത ചിത്രത്തെ കുറിച്ച് ഓർക്കാൻ കൂടി സംഗീത സംവിധായകർക്ക് കഴിയുമായിരുന്നില്ല. അത്രയ്ക്ക് അമൂല്യമായിരുന്നു ആ ശബ്ദം.
ഇൻഡോറിൽ ഒരു ചെറു ഗ്രാമത്തിൽ ദീനാനാഥിന്റെയും ശെവന്തിയുടേയും പുത്രിയായി പിറന്ന ലതയുടെ ബാല്യകാലം നിറപ്പകട്ടാർന്നതായിരുന്നില്ല. കലാപാരമ്പര്യമുള്ള കുടുംബത്തിൽ പിറന്ന ലതയുടെ ബാല്യകാലം കഷ്ടപ്പാടിന്റെതായിരുന്നു. പിതാവിന്റെ പെട്ടെന്നുള്ള മരണവും, ഒറ്റപ്പെടലും, കുടുംബത്തിലെ സഹോദരിമാരെ പരിപാലിക്കേണ്ട ഉത്തരവാദിത്വവുമെല്ലാം ലതയുടെ ചുമലിലായിരുന്നു. ഇതെല്ലാം ഗായികയുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായി തീർന്നു. മനുഷ്യ വേദനകളെ ശോകത്തിലൂടെ ഗാനങ്ങളിൽ പ്രതിഫലിപ്പിക്കാൻ ലതയെ കഴിഞ്ഞേ മറ്റാർക്കും കഴിയുമായിരുന്നുള്ളു. സ്വന്തം ജീവിതത്തിലെ അനുഭവങ്ങളാവും പ്രിയ ഗായികയ്ക്ക് ഈ കഴിവ് പകർന്ന് നൽകിയിട്ടുണ്ടാവുക.
ലതാമങ്കേഷ്‌കറിന്റെ മനോഹര ഗാനത്തിലൂടെ സംഗീത ലോകത്ത് വളർച്ച കണ്ടെത്തിയവരിൽ സംഗീത സംവിധായകരും ഉണ്ട്. ലതയെകൊണ്ട് പാടിക്കുന്നില്ലെങ്കിൽ എനിക്ക് ഈ ചിത്രത്തിൽ സംഗീതസംവിധാനം ചെയ്യാനാവില്ലെന്ന് പറഞ്ഞ് സ്റ്റുഡിയോ വിട്ടിറങ്ങിയ ഖേംചന്ദ് പ്രകാശ് മുതൽ മെലഡിയുടെ ഒരു വസന്തം നീട്ടിയ ശ്യാം സുന്ദറും, ഹിന്ദി സിനിമാ രംഗത്ത് മേൽവിലാസമുണ്ടാക്കിയ ബംഗാളി സംഗീതജ്ഞൻ അനിൽ ബിശ്വാസ് തുടങ്ങി കെ.ദത്ത, ഹുസ്നലാൽ ഭഗത്റാം, ഹൻസ് രാജ് ബഹൽ, നൗഷാദ് അലി തുടങ്ങിയവരെല്ലാം ലതയുടെ സംഗീത വഴികളിൽ അവർക്ക് വളർച്ചയുടെ പടവുകൾ വെട്ടിനൽകുകയും, അതിലൂടെ സ്വയം വളരുകയും ചെയ്തവരാണ്. ഗസൽ ലോകത്തിലെ ചക്രവർത്തിയായ മദൻമോഹൻ ലതാ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളാണ് കൂടുതൽ ശ്രദ്ധേയമായത്. ഹിന്ദി സിനിമാലോകത്ത് വിഷാദ സംഗീതത്തിന്റെ പുതു രാഗങ്ങൾ പിറന്നതും ഇക്കാലയളവിലാണ്.