terrorist-

കാബൂൾ: കൊല്ലപ്പെട്ട അൽ ഖ്വയ്ദ ഭീകരൻ ഒസാമ ബിൻ ലാദന്റെ മകൻ താലിബാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. 2021 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിൽ വച്ച് കൂടിക്കാഴ്ച നടന്നതായിയാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അഫ്ഗാനിസ്ഥാനിൽ ഭീകരരുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ താലിബാൻ നടപടികൾ സ്വീകരിച്ചതായി സൂചനകളില്ല. ഭീകരവാദ ഗ്രൂപ്പുകൾ ഇന്ന് അഫ്ഗാനിസ്ഥാനിൽ വലിയ സ്വാതന്ത്ര്യം അനുഭവിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിന്റെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാംഗ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 29-ാമത് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകൾക്കെതിരായ ഉപരോധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി യുഎൻ വർഷത്തിൽ രണ്ടുതവണ ഈ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.

റിപ്പോർട്ട് പ്രകാരം അൽഖ്വയ്ദയും താലിബാനും തമ്മിൽ ശക്തമായ ബന്ധമാണുള്ളത്. ഒസാമ ബിൻ ലാദന്റെ സുരക്ഷ ഏകോപിപ്പിച്ച അമിൻ മുഹമ്മദ് ഉൾ-ഹഖ് സാം ഖാൻ ഓഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയത് ഇതിന്റെ തെളിവായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. പക്ഷേ അൽ-ഖ്വയ്ദ താലിബാനെതിരെ തന്ത്രപരമായ മൗനം പാലിക്കുകയാണ്. ഇത് താലിബാന് അന്താരാഷ്ട്ര നിയമസാധുത നേടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് നിഗമനം. അതേസമയം ഇറാഖിലെയും ലെവന്റ് ഖൊറാസനിലെയും ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി നേരത്തെ കണക്കാക്കിയ 2,200 ൽ നിന്ന് 4,000 ആയി ഉയർന്നതായി യുഎൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു. തീവ്രവാദ ഗ്രൂപ്പായ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതിന് ശേഷമുള്ള അയൽരാജ്യങ്ങളിലെ സുരക്ഷാ സ്ഥിതിഗതികളും യുഎൻ റിപ്പോർട്ട് വ്യക്തമാക്കി.