lata-mangeshkar

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കർ ഓർമ്മയായി. ആയിരക്കണക്കിന് ഗാനങ്ങൾ സംഗീത പ്രേമികളുടെ മനസിൽ ചേക്കേറാൻ വിട്ടു നൽകിയ പ്രയ ഗായിക മലയാള സിനിമയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 1974ൽ പുറത്തിറങ്ങിയ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയിലാണ് ലത മലയാളത്തിൽ ആദ്യമായി പാടിയത്. 'കദളീ തെങ്കദളി ...' എന്ന വയലാറിന്റെ വരികൾക്കാണ് അവർ ജീവൻ പകർന്നത്. എന്നാൽ ഈ സിനിമയ്ക്ക് വർഷങ്ങൾക്ക് മുൻപ് ചെമ്മീൻ എന്ന പ്രശസ്ത മലയാള ചിത്രത്തിലും ലതയെ കൊണ്ട് പാട്ട് പാടിക്കുവാൻ സംഗീത സംവിധായകനായ സലിൽ ചൗധരി ശ്രമിച്ചിരുന്നു. എന്നാൽ പരാജയമായിരുന്നു ഫലം.

രാമുകാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ അക്കാലത്തെ ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് ഒരുങ്ങിയത്. നിർമ്മാതാവ് കൺമണി ബാബുവിന് പണം ഒരു പ്രശ്നമേ അല്ലായിരുന്നു. പകരം മലയാളത്തിൽ ചർച്ചയാവണം തന്റെ ചിത്രം എന്ന ആവശ്യം മാത്രമാണ് സംവിധായകന്റെ മുൻപിൽ വച്ച ഏക ഡിമാന്റ്. ഇതേ തുടർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുവാനായി ഹിന്ദിയിലും ബംഗാളിയിലും പ്രഗത്ഭനായിരുന്ന സലിൽ ചൗധരി എത്തുന്നത്. പണം പ്രശ്നമല്ല, ഏറ്റവും നല്ല പാട്ടുകൾ വേണം എന്ന സംവിധായകന്റെ ആവശ്യം നിറവേറ്റാൻ വിവിധ ഭാഷകളിൽ നിന്നും ഒരു പിടി നല്ല ഗായകരെ കൊണ്ടു വരാനാണ് സലിൽ ചൗധരി ശ്രമിച്ചത്.

നിർമ്മാതാവിന്റെ ആവശ്യം നിറവേറ്റാൻ മന്നാഡേ, ലതാ മങ്കേഷ്‌കർ തുടങ്ങിയ പ്രഗത്ഭരെ കൊണ്ടുവരാനാണ് സലിൽ ചൗധരി ശ്രമിച്ചത്. എന്നാൽ മലയാള ഭാഷയും, ഉച്ചാരണവും പ്രശസ്ത അന്യഭാഷാ ഗായകർക്ക് മുന്നിൽ വൻതടസം സൃഷ്ടിക്കുകയായിരുന്നു. ചെമ്മീനിലെ 'മാനസ മൈനേ വരൂ... 'എന്ന ഗാനം മന്നാഡേ ഏറെ ശ്രമങ്ങൾക്ക് ശേഷമാണ് പാടിയത്. ഇതിൽ അദ്ദേഹത്തിന്റെ മലയാളിയായ ഭാര്യയുടെ സഹായവും ഉണ്ടായിരുന്നു. എന്നാൽ മറ്റൊരു ഗാനമായ 'കടലിനക്കരെ പോണോരേ...' എന്ന ഗാനത്തിൽ നിന്നും ലത പിൻമാറുകയായിരുന്നു.

മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസ് മുംബയിൽ പോയി ലതയെ ഉച്ചാരണം പാടി പഠിപ്പിച്ചെങ്കിലും തനിക്കു വഴങ്ങാത്ത ഭാഷയിൽ പാടാൻ അവർ സമ്മതിച്ചില്ല. എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിലൂടെ ലതയെ കൊണ്ട് മലയാളത്തിൽ പാടിപ്പിക്കണമെന്ന ആഗ്രഹം സലിൽ ചൗധരി സാധിച്ചു. 'കദളീ തെങ്കദളി ...'എന്ന വയലാറിന്റെ വരികളാണ് ലതയുടെ ശബ്ദത്തിലൂടെ മലയാളികൾക്ക് സ്വന്തമായത്.