
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഒരു മുഴം മുന്നേയെറിഞ്ഞ് പഞ്ചാബിലെ കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദു. രാവിലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് സന്ദേശമയച്ചാണ് സിദ്ദു സ്ഥാനാർത്ഥിത്വത്തിനോടുള്ള മോഹം പരോക്ഷമായി പ്രകടിപ്പിച്ചത്.
രാഹുൽ ഗാന്ധി സ്വീകരിക്കുന്ന ഏത് തീരുമാനവും ഏവരും അനുസരിക്കുമെന്നാണ് സിദ്ദു ട്വിറ്ററിൽ കുറിച്ചത്. ലുധിയാനയിൽ ഇന്ന് നടക്കുന്ന വിർച്വൽ റാലിയിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ രാഹുൽ ഗാന്ധി പ്രഖ്യാപിക്കുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് ചൗധരി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദുവിന്റെ സന്ദേശം.
Nothing great was ever achieved without an act of decision …. Warm welcome to our leading light Rahul Ji , who comes to give clarity to Punjab …. All will abide by his decision !!!
— Navjot Singh Sidhu (@sherryontopp) February 6, 2022
നിലവിലെ മുഖ്യമന്ത്രിയായ ചരൺജീത് സിംഗ് ചന്നിയെ തന്നെ പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കായുള്ള വോട്ടെടുപ്പ് ഫലം ഫെബ്രുവരി ആറിന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ആറിലേയ്ക്ക് മാറ്റുകയായിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി പദവി ഏറെ നാളായി നോട്ടമിട്ടിരിക്കുകയാണ് സിദ്ദു. ആത്മാർത്ഥതയുള്ള, ക്ളീൻ ട്രാക്ക് റെക്കോർഡുള്ള ആളിനെയായിരിക്കണം പാർട്ടി തിരഞ്ഞെടുക്കേണ്ടതെന്ന് സിദ്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെപ്റ്റംബറിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മാറ്റിയപ്പോഴും മുഖ്യമന്ത്രിയായി തന്നെ അവരോധിക്കുമെന്ന് സിദ്ദു ആഗ്രഹിച്ചിരുന്നു. എന്നാൽ ചന്നിയെയായിരുന്നു മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുത്തത്. പിന്നാലെ പാർട്ടിയുടെ അദ്ധ്യക്ഷനായി സിദ്ദുവിന് ചുമതല നൽകുകയും ചെയ്തു. എന്നാൽ ഇത്തവണ തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സിദ്ദു. രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് ചന്നിയെ നാമനിർദേശം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 20നാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10ന് ഫലം പുറത്തുവരും.