
കൊച്ചി : മലപ്പുറം സ്വദേശിയായ യുവവ്യവസായിയെ കെണിയിൽ പെടുത്തി കൊച്ചി സ്വദേശിനി തട്ടിയെടുത്തത് 38 ലക്ഷം. കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്സ് പാലച്ചുവട് എം.ഐ.ആർ. ഫ്ളാറ്റിൽ താമസിക്കുന്ന കുരുംതോട്ടത്തിൽ ഷിജിമോളാണ് പൊലീസ് പിടിയിലായത്. സൗഹൃദം നടിച്ച് യുവാവിനെ ഫ്ളാറ്റിൽ വിളിച്ചു വരുത്തി മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി മയക്കിയ ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തിയാണ് യുവതി ബ്ളാക്ക് മെയിലിംഗിന് വിധേയനാക്കിയത്. പല പ്രാവശ്യമായി വൻ തുക കൈക്കലാക്കുകയായിരുന്നു.
പൊലീസ് പറയുന്നത് പ്രകാരം കഴിഞ്ഞ വർഷം സെപ്തംബറിലാണ് വ്യവസായി പെൺസുഹൃത്തിനെ കാണുന്നതിനായി കൊച്ചിയിലെ ഫ്ളാറ്റിലെത്തിയത്. യുവാവിനെ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി മയക്കിയശേഷം യുവതി ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുകയും പിന്നീട് ഫോണിലൂടെ ഭീഷണിപ്പെടുത്തി പണം കവരുകയുമായിരുന്നു. രണ്ട് ദിവസം മുൻപ് വിളിച്ച് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടു. തുടർന്ന് പൊലീസിൽ യുവാവ് പരാതിപ്പെട്ടു. കേസിൽ അറസ്റ്റിലായ ഷിജിമോൾ മുൻപ് വരാപ്പുഴ പെൺവാണിഭ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സമാനമായ മറ്റ് കേസുകളിൽ യുവതിക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.