
ജീവിതം ഒരു ഗാനമാണെങ്കിൽ അതിന്റെ സ്വരമായിരുന്നു ലതാ മങ്കേഷ് കർ.ലോകത്തിനു മുന്നിൽ ഇന്ത്യൻ സംഗീതത്തിന്റെ സുവർണ ശബ്ദമായി നിലകൊണ്ട മഹാഗായികയാണ് ഇന്നലെ 92-ാം വയസിൽ യാത്രയായത് .
ശ്രോതാക്കളെ രോമാഞ്ചമണിയിച്ച , കണ്ണീരിലലിയിച്ച ,ഹരംകൊള്ളിച്ച ആ സ്വരമാധുരി നിലയ്ക്കുമ്പോൾ കാലം ഒരു നിമിഷമെങ്കിലും നിശബ്ദമായിട്ടുണ്ടാകും.സന്തോഷത്തിലും ദു:ഖത്തിലും വിരഹത്തിലും പ്രണയത്തിലുമടക്കം മനുഷ്യവികാരങ്ങളുടെ സമസ്തഭാവങ്ങളിലും കൂട്ടായിനിന്ന ഗാനങ്ങളായിരുന്നു ലതാമങ്കേഷ് കറിന്റേത്. പ്രായത്തിന്റെ ഋതുഭേദങ്ങൾ തെല്ലും ബാധിക്കാത്ത ലതയുടെ ശബ്ദം നിത്യവിസ്മയം പോലെ തുടർന്നും കേൾക്കാനാകുമെന്നതാണ് വേർപാടിന്റെ ഈ വേളയിൽ ആകെ ആശ്വാസമായിട്ടുള്ളത്.
മലയാളമടക്കം മുപ്പത്തിയഞ്ചിലധികം ഭാഷകളിൽ നാൽപ്പതിനായിരത്തോളം പാട്ടുകൾ പാടി,എട്ടുപതിറ്റാണ്ട്  ചലച്ചിത്രഗാനാലാപന രംഗത്തെ രാജ്ഞിയായി  ലത വാണു. നിത്യാനുരാഗത്തിന്റെ അതിലോലമായ നനുത്ത ശബ്ദമായിരുന്നു അവരുടേത്. ആ രീതിയിൽ മറ്റൊരു ഗായിക ലതയ്ക്ക്  മുമ്പും  പിമ്പും ഉണ്ടായിട്ടില്ല.ദൈവത്തിന്റെ വരദാനമായിരുന്നു ആ സ്വരം.വയലേലകളിൽ പണിയെടുത്ത്  അന്തിക്കു  മടങ്ങുന്ന കർഷകരുടെയും , രാജ്യത്തിനുവേണ്ടി പോരാടാൻ സൈനിക കൂടാരങ്ങളിൽ കഴിയുന്ന ധീര സൈനികരുടെയും, ഏകാന്തതയിൽ കാത്തിരിക്കുന്ന കാമുകീകാമുകൻമാരുടെയും എല്ലാം സാന്ത്വനമായി ആ ശബ്ദം മാറി.ആകാശവാണിയിലെ വിവിധ്ഭാരതിയൊക്കെ ലതയുടെ പാട്ടില്ലായിരുന്നെങ്കിൽ നിലനിൽക്കാൻ പ്രയാസപ്പെടുമായിരുന്നുവെന്ന് സംഗീതനിരൂപകർ പറഞ്ഞിട്ടുണ്ട്.
രാഗതപസ്വിനി എം.എസ്.സുബ്ബുലക്ഷ്മി ആയിരുന്നെങ്കിൽ ഗാന തപസ്വിനി എന്നും ലത തന്നെയായിരുന്നു. എക്കാലത്തേയും മികച്ച സംഗീതസംവിധായകരുടെയും ഗാനരചയിതാക്കളുടെയും ഗായകപ്രതിഭകളുടെയും കാലഘട്ടത്തിലാണ് ലതാ മങ്കേഷ്ക്കർ തന്റെ ഗാനസപര്യയ്ക്ക് തുടക്കം കുറിച്ചത്. അതിവേഗം തന്നെ രാജ്യം കീഴടക്കി ലത നക്ഷത്രശോഭയോടെ ഗാനവിഹായസിൽ തിളങ്ങി നിന്നു.
പണ്ഡിറ്റ് ദിനാനാഥ് മങ്കേഷ് കറിന്റെയും ശേവന്തിയുടെയും സീമന്തപുത്രിയായി മദ്ധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ലതയുടെ ജനനം.സംഗീതജ്ഞനും മറാഠി നാടക കലാകാരനുമായിരുന്നു അച്ഛൻ.ആദ്യം ഹേമയെന്നായിരുന്നു പേരെങ്കിലും പിന്നീട് തന്റെ നാടകത്തിലെ നായികയുടെ പേര് പരിഷ്കരിച്ച് അച്ഛൻ മകൾക്ക് ലതയെന്ന് പേരിട്ടു . ഗോവയിലെ മങ്കേഷിയായിരുന്നു ദിനാനാഥിന്റെ സ്വദേശം . ആ സ്ഥലപ്പേരു കൂടി ചേർത്താണ് ലതാ മങ്കേഷ് കറായത്. ആ കുടുംബത്തിൽ എല്ലാവരും പാട്ടിന്റെ വഴിയിലാണ് സഞ്ചരിച്ചത്.  ഹൃദയനാഥ്, മീന ,ഉഷ, ആശ എന്നീ സഹോദരങ്ങളെല്ലാം പാടുമായിരുന്നു.ഇവരിൽ ഹൃദയനാഥും മീനയും സംഗീത സംവിധായകരായിരുന്നു.ആ പാരമ്പര്യത്താൽ ലത പിന്നീട് ചില ചിത്രങ്ങൾക്ക് സംഗീതവും പകർന്നിട്ടുണ്ട്.അച്ഛനിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.പതിമ്മൂന്നാം വയസിൽ അച്ഛൻ മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ലതയുടെ ചുമലിലായി.കഷ്ടപ്പാടിന്റെ ദിനരാത്രങ്ങൾ പിന്നിട്ടാണ് ലതയിലെ ഗായിക വളർന്നത്.
1942 ൽ കിടിഹസാൽ എന്ന മറാഠി സിനിമയിൽ ' നാച്ചയാ ഗാഥേ " എന്നുതുടങ്ങുന്ന ഗാനമാണ് ലത ആദ്യമായി ആലപിച്ചത്.പക്ഷേ ചിത്രം റിലീസ് ചെയ്തപ്പോൾ ആ പാട്ടില്ലായിരുന്നു.അതേവർഷം തന്നെ പാടി അഭിനയിച്ച ' പാഹിലി മംഗളഗോർ "എന്ന മറാഠി ചിത്രത്തിലെ ' നടാലി" എന്ന ഗാനമായിരുന്നു ആദ്യമായി പുറത്തുവന്നത് 1943 ൽ ഗജാബാഹു എന്ന ചിത്രത്തിൽ ' മാതാ ഏക് സാപുത് കി ദുനിയ"എന്നുതുടങ്ങുന്ന ഗാനത്തിലൂടെ ഹിന്ദിയിലും ലത തുടക്കമിട്ടു. മജ് ബൂർ എന്ന ചിത്രത്തിലെ കൽ മേരാ തോഡാ എന്ന പാട്ടിലൂടെ  ലത ഹിന്ദിയിൽ തന്റെ സ്ഥാനമുറപ്പിച്ചു.മഹലിലെ ' ആയേഗാ ആനേവാല " എന്ന ഗാനം കൂടി പുറത്തുവന്നതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.നൂർജഹാനും ഷംഷാദ് ബീഗവും സുരയ്യയും ഒക്കെ നിറഞ്ഞുനിന്ന ആ കാലഘട്ടത്തിൽ ലതയുടെ സ്വരം വേറിട്ടുനിന്നു.പിന്നീട് ഹിറ്റുകളുടെ കാലമായിരുന്നു.അനുജത്തി ആശാ ഭോസ് ലെയും ലതയെ പിന്തുടർന്ന് മികച്ച ഗായികയായി മാറി.
നൗഷാദ്, അനിൽ ബിശ്വാസ്, ശങ്കർ-ജയ ്കിഷൻ,എസ്.ഡി.ബർമൻ, മദൻമോഹൻ, സലിൽചൗധരി,ജയ്ദേവ്, ലക്ഷ്മികാന്ത് പ്യാരെലാൽ ,ഭൂപൻഹസാരിക തുടങ്ങി എ.ആർ.റഹ്മാൻ വരെയുള്ള സംഗീതസംവിധായകർക്കായി ലത പാടി. മീനാകുമാരിയും നർഗീസും മുതൽ കജോൾ വരെയുള്ള തലമുറകളുടെ ചുണ്ടുകളിലൂടെ സിനിമയിൽ ആ ഗാനങ്ങൾ വസന്തകാലം സൃഷ്ടിച്ചു . 1962 ലെ ഇൻഡോ -ചൈന യുദ്ധത്തിൽ മരിച്ച വീര സൈനികർക്കായി ലത ആലപിച്ച ' ഏ മേരെ വദൻ കെ ലോഗോം "എന്ന ദേശഭക്തി ഗാനം സാക്ഷാൽ ജവഹർലാൽ നെഹ്റുവിനെപ്പോലും കണ്ണീരണിയിച്ചു.'ഇന്ത്യയുടെ വാനമ്പാടി" എന്ന് നെഹ്റുവാണ് ലതയെ വിശേഷിപ്പിച്ചത്.
ആജാരേ പർദേശി,തേരെ ബി നാ സിന്ദഗി സേ കോയി, ലഗ് ജാ ഗലേ, അജീബ് ദാസ് താൻ ഹേ, കോറാ കാഗസ്, ഗാഥാ രഹേ, ഇക് പ്യാർ കാ നഗ് മാ ഹേ ,സത്യം ശിവം സുന്ദരം,കഭി കഭി, ആപ് കി കസം തുടങ്ങി ദിൽ ഹും ഹും കരേയും ,ദേഖാ ഹൈ ഏ ജാനാ സനം, ജിയാ ജലേയും വരെ രാജ്യം ഏറ്റുപാടിയ ഗാനങ്ങളിലൂടെ ദീർഘമായ കാലഘട്ടത്തെ ലതയുടെ മധുരാർദ്രമായ ശബ്ദം കൈയടക്കി. രാമുകാര്യാട്ട് സംവിധാനം ചെയ്ത നെല്ലിൽ വയലാറിന്റെ രചനയിൽ സലിൽ ചൗധരിയുടെ ഈണത്തിൽ മലയാളികൾക്ക് എന്നെന്നും ഓർമ്മിക്കാൻ ' കദളി കൺകദളി ചെങ്കദളി" എന്ന നിത്യ ഹരിത ഗാനം ലത സമ്മാനിച്ചു.
രാജ്യം ഭാരതരത്നം നൽകിയാണ് ലതാ മങ്കേഷ് കർ എന്ന അതുല്യ പ്രതിഭയെ ആദരിച്ചത്. പദ്മവിഭൂഷണും ,പദ്മഭൂഷണും ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ്ബ് ഫാൽക്കേ അവാർഡും ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരങ്ങളും അവർക്കു ലഭിച്ചിട്ടുണ്ട്.രാജ്യസഭാംഗവുമായിരുന്നു. ഇന്ത്യയുടെ ഹൃദയവികാരം ഉൾക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബയിൽ നേരിട്ടെത്തി ലതയ്ക്ക് അന്ത്യോപചാരം അർപ്പിച്ചത്.
ലതാ മങ്കേഷ്ക്കർ ഒരു യുഗമായിരുന്നു. ആ കാലം കടന്നുപോകുകയാണെങ്കിലും ഇന്ത്യയുടെ ആത്മാവിൽ മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്ന ലതയുടെ ഗാനങ്ങൾ എന്നും നിലനിൽക്കും .ആ അനശ്വര ഗായികയുടെ ഓർമ്മകൾക്കു മുന്നിൽ ഞങ്ങളും പ്രണാമം അർപ്പിക്കുന്നു.