
ലതാമങ്കേഷ്കർ 1929-2022
 രണ്ടു ദിവസത്തെ ദേശീയ ദുഃഖാചരണം
അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി
മുംബയ്: ലോകത്തിന്റെ ഹൃദയത്തിൽ സംഗീതത്തിന്റെ മാസ്മര ഭാവങ്ങൾ നിറച്ച ഇന്ത്യയുടെ വാനമ്പാടി സ്വർഗ്ഗത്തിലേക്ക് പറന്നുപോകുമ്പോൾ തോരാതെ പെയ്ത സംഗീതത്തിന്റെ ഒരു യുഗത്തിനാണ് തിരശ്ശീല വീണത്.
മഹാഗായിക ലതാമങ്കേഷ്കർക്ക് രാജ്യവും സംഗീതലോകവും കണ്ണീരോടെ വിട നൽകി. ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഇന്നലെ രാവിലെ 8.12നായിരുന്നു അന്ത്യം. 92 വയസായിരുന്നു. വിവാഹം വേണ്ടെന്നുവച്ച് സംഗീതത്തിൽ മുഴുകിയ ധന്യ ജീവിതം. എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യുഗത്തിൽ മുപ്പത്തഞ്ചോളം ഭാഷകളിലായി നാല്പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ചു. നെല്ല് എന്ന മലയാള സിനിമയിലെ ഗാനവും ഇതിൽപ്പെടുന്നു. ആയിരത്തിലേറെ ബോളിവുഡ് സിനിമകളിൽ പാടി.
രണ്ടു ദിവസത്തെ ദുഃഖാചരണം (ഇന്നലെയും ഇന്നും ) കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയും രാജ്യമെമ്പാടും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു.എം. എസ് സുബ്ബുലക്ഷ്മിക്കുശേഷം ഭാരതരത്നം നേടിയ ഏക ഗായികയാണ്.
ഭൗതികദേഹം ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മുംബയിലെ വസതിയിൽ എത്തിച്ചു. വൈകിട്ട് ആറ് മണിക്ക് മുംബയ് ശിവാജി പാർക്കിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി.
അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു.
കൊവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8നാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 28ന് രോഗലക്ഷണങ്ങൾ കണ്ടതോടെ വെന്റിലേറ്ററിലാക്കിയിരുന്നു. നില മെച്ചപ്പെട്ടതോടെ വെന്റിലേറ്റർ മാറ്റിയെങ്കിലും ശനിയാഴ്ച രാത്രി ഗുരുതരമാവുകയും വീണ്ടും വെന്റിലേറ്ററിലാക്കുകയും ചെയ്തു. കൊവിഡാനന്തര സങ്കീർണതകളാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കുടുംബം
മദ്ധ്യപ്രദേശിലെ ഇൻഡോറിൽ 1929 സെപ്റ്റംബർ 28 ന് പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിന്റെയും ശേവന്തിയുടെയും അഞ്ച് മക്കളിൽ മൂത്ത മകളായി ജനനം. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികയും സംഗീത സംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആശാ ഭോസ്ലേ എന്നിവർ സഹോദരങ്ങൾ. അവിവാഹിത.
ജീവിത മുഹൂർത്തം
1929 സെപ്റ്റംബർ 28: ഇൻഡോറിൽ ജനനം
1942: പതിമ്മൂന്നാം വയസിൽ പിതാവിന്റെ മരണം
1943:മറാത്തി സിനിമയിൽ ആദ്യഗാനം
1943: ഗജാബാഹുവിൽ ആദ്യ ഹിന്ദി ഗാനം
1945: മുംബയിൽ താമസമാക്കി
1949: ഉഠായേ ജാ.. ഗാനം ഹിറ്റ്.സുവർണകാലം
1962: ഇന്ത്യ-ചൈന യുദ്ധകാലത്ത് ആലപിച്ച
യേ മേരെ വതൻ ജനഹൃദയങ്ങളിൽ
1963: റിപ്പബ്ലിക് ദിന പരേഡിൽ ലതയുടെ ഈ പാട്ട് കേട്ട് പ്രധാനമന്ത്രി നെഹ്രുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
1973, 1975, 1991: ഗായികയ്ക്കുള്ള ദേശീയ അവാർഡ്
1969: പദ്മഭൂഷൺ
1989: ഫാൽക്കെ അവാർഡ്
1999: പദ്മ വിഭൂഷൺ
2001: ഭാരതരത്ന
'' വാക്കുകൾക്കപ്പുറത്താണ് എന്റെ ദുഃഖം. വരും തലമുറകൾ ലതാജിയെ ഇന്ത്യൻ സംസ്കാരത്തിന്റെ മഹാപ്രതീകമായി ഓർമ്മിക്കും ''
- നരേന്ദ്രമോദി,
പ്രധാനമന്ത്രി