blockchain-wedding

പൂനെ: കൊവിഡ് മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കിയപ്പോൾ അതിനൊപ്പം ജനങ്ങളുടെ ജീവിതശൈലികളിലും പലവിധ മാറ്റങ്ങളും ഉണ്ടായി. സാംസ്കാരികപരമായും ആചാരപരമായും മുന്നിൽ നിൽക്കുന്ന ഇന്ത്യയിൽ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ ചെറുതല്ല. ഈ മാറ്റം ഇന്ത്യയിലെ എല്ലാത്തരത്തിലുള്ള ചടങ്ങുകളിലും പ്രതിഫലിച്ചിരുന്നു. എന്നാൽ കൊവിഡ് ഏൽപ്പിച്ച ആഘാതത്തിനപ്പുറം ചരിത്രം കുറിച്ചിരിക്കുകയാണ് പൂനെയിലെ ദമ്പതികൾ.

ഓപ്പൺസീ പ്ളാറ്റ്‌ഫോമിലെ ബ്ളോക്ക് ചെയിൻ ടെക്നോളജിയിലൂടെ വിവാഹിതരായ ഇന്ത്യയിലെ ആദ്യത്തെ ദമ്പതികൾ എന്ന നേട്ടമാണ് പൂനെയിൽ നിന്നുള്ള ശ്രുതി നായരും അനിൽ നരസിപുരവും സ്വന്തമാക്കിയിരിക്കുന്നത്. തങ്ങളുടെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ഡിജിറ്റൽ പുരോഹിതനായ അനൂപ് പക്കിയുടെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. നവംബർ 15ന് ഇരുവരും രജിസ്റ്റർ മാര്യേജിലൂടെ വിവാഹിതരായിരുന്നു. തങ്ങളുടെ ബന്ധത്തെ ബ്ളോക്ക് ചെയിൻ ടെക്നോളജിയിലൂടെ അനശ്വരമാക്കുന്നുവെന്ന് അനിൽ ലിങ്ക്ഡ്ഇൻ ആപ്പിൽ കുറിച്ചു. മാത്രമല്ല ഓപ്പൺസീയിൽ തയ്യാറാക്കിയ എൻ എഫ് ടിയിലൂടെ തങ്ങളുടെ വിവാഹം ഔദ്യോഗികമാക്കിയെന്നും അനിൽ കൂട്ടിച്ചേർത്തു. നോൺ ഫംഗബിൾ ടോക്കൺ അഥവാ എൻ എഫ് ടി ഉടമസ്ഥന്റെ ഒപ്പ് ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കുന്ന ഒരു ഡിജിറ്റൽ ടോക്കൺ ആണ്. ഇത് ഉടമസ്ഥതയെ കൂടുതൽ ആധികാരികമാക്കുന്നു. ‌ഡിജിറ്റൽ സമ്പാദ്യങ്ങളെ പ്രതിനിധീകരിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.

താനും ഭാര്യയും മെറ്റാമാസ്ക് വാലെറ്റുകൾ തയ്യാറാക്കിയെന്നും ഡിജിറ്റൽ പുരോഹിതൻ എൻ എഫ് ടിക്ക് രൂപം നൽകിയെന്നും അനിൽ പറഞ്ഞു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും 15 മിനിട്ട് നീണ്ടുനിന്ന ച‌‌ടങ്ങ് ഗൂഗിൾ മീറ്റിലൂടെ തത്സമയം വീക്ഷിക്കുകയും ചെയ്തിരുന്നു. ഡിജിറ്റൽ പുരോഹിതന്റെ ആശീർവാദം സ്വീകരിച്ചതിന് പിന്നാലെ അനിൽ പുരോഹിതൻ നൽകിയ എൻ എഫ് ടി ശ്രുതിയുടെ ഡിജിറ്റൽ വാലറ്റിലേയ്ക്ക് കൈമാറുകയായിരുന്നു.

സമാന രീതിയിലെ ഡിജിറ്റൽ വിവാഹങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി നടന്നിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ദിനേശ് എസ് പിയും ജനഗനന്ദിനിയും മെറ്റാവേഴ്സിലൂടെയാണ് വിവാഹിതരായത്. വധുവിന്റെ മരണപ്പെട്ട പിതാവ് ഡിജിറ്റൽ അവതാർ രൂപത്തിൽ കല്യാണ ചടങ്ങിൽ നിറഞ്ഞിനിൽക്കുകയും ചെയ്തു. കൂടാതെ കൊൽക്കത്തയിൽ നിന്നുള്ള ദമ്പതികൾ ഗൂഗിൾ മീറ്റിലെ 400 അതിഥികളുടെ സാന്നിധ്യത്തിൽ വിവാഹിതരായതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.