murder-case-

മുംബയ് : പാലിന് വേണ്ടി രണ്ട് വയസുകാരി കരഞ്ഞതിൽ പ്രകോപിതനായ യുവാവ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി. ഭർത്താവിൽ നിന്നും വേർപിരിഞ്ഞ് കാമുകനൊപ്പം താമസിക്കുകയായിരുന്ന യുവതിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കൊലക്കുറ്റത്തിന് ഭയന്ദർ പൊലീസ് 21കാരനായ കാമുകനെ അറസ്റ്റ് ചെയ്തു. 22കാരിയായ യുവതി ഏറെനാളായി യുവാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ജോലി സംബന്ധമായ ആവശ്യത്തിനായി വീട്ടിൽ നിന്നും പുറത്ത് പോയപ്പോഴാണ് സംഭവം. കുഞ്ഞിനെ കാമുകനെ ഏൽപ്പിച്ചിട്ടാണ് യുവതി വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയത്.

എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞ് കളിക്കുന്നതിനിടെ നിലത്ത് വീണെന്നും വേഗം ആശുപത്രിയിൽ വരാൻ യുവതിയോട് കാമുകൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവതി കുഞ്ഞിനെ എത്തിച്ച ടെംബെ ആശുപത്രിയിൽ എത്തുകയായിരുന്നു. എന്നാൽ യുവതി എത്തിയപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയും, ഉദ്യോഗസ്ഥർ യുവതിയുടെ കാമുകനെ ചോദ്യം ചെയ്യുകയുമായിരുന്നു. ശ്വാസംമുട്ടൽ മൂലമാണ് കുട്ടി മരണപ്പെട്ടതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പാലിന് വേണ്ടി കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് യുവതിയുടെ കാമുകൻ മൊഴി നൽകി.