
ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മുംബയിലെ ശിവാജി പാർക്കിൽ വൈകിട്ട് 6.30 ന് പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു ലതാ മങ്കേഷ്‌കറിന്റെ അന്ത്യം. മൃതദേഹം ഉടൻ ദക്ഷിണ മുംബയിലെ പെദ്ദാർ റോഡിലുള്ള വസതിയിലെത്തിക്കും. പൊതു ദർശനത്തിന് ശേഷം ശിവാജി പാർക്കിൽ എത്തിയ്‌ക്കും. മോദി ഇവിടെയെത്തി ആദരാഞ്ജലി അർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൊവിഡ് ബാധയെത്തുടർന്ന് കഴിഞ്ഞ മാസമാണ് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡിന് പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതാണ് രോഗം ഗുരുതരമാക്കിയത്.
പതിമൂന്നാം വയസിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. പദ്മവിഭൂഷൺ, പദ്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം തുടങ്ങിയ വിശിഷ്ട പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.