latha-ji-

ഇസ്ലാമാബാദ് : ഇന്ത്യൻ ഗായകരിലെ വാനമ്പാടി, ഇന്ന് അന്തരിച്ച പ്രശസ്ത ഗായിക ലത മങ്കേഷ്‌കറിന്റെ മരണത്തിൽ പങ്കുചേർന്ന് പാകിസ്ഥാനികളും. 92കാരിയായ പ്രശസ്ത ഗായിക മരണപ്പെട്ടു എന്ന വിവരം പുറത്ത് വന്നത് മുതൽ ലതാ മങ്കേഷ്‌കറിന് ആദരവ് അർപ്പിക്കുന്ന ട്വീറ്റാണ് പാകിസ്ഥാനിൽ ടോപ്പ് ട്രെൻഡിംഗിലുള്ളത്. പാകിസ്ഥാൻ ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ഫവാദ് ചൗധരി ഗായികയ്ക്ക് ആദരാഞ്ജലി നേർന്ന് പോസ്റ്റ് ചെയ്തു. ഒരു യുഗത്തിന്റെ അന്ത്യം എന്നാണ് മരണത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി സംഗീത ലോകത്തെ ഭരിച്ചിരുന്ന രാജ്ഞിയെന്നാണ് അനുശോചന കുറിപ്പിൽ പാക് മന്ത്രി വിശേഷിപ്പിക്കുന്നത്.

പാകിസ്ഥാൻ ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ ഖമർ ബജ്വയുടെ വ്യക്തിഗത ഉപദേഷ്ടാവും ലതാമങ്കേഷ്‌കറിനെ അനുസ്മരിച്ചിട്ടുണ്ട്. ഇസ്ലാമാബാദിൽ നിന്നുള്ള ആളുകളും ഗായികയുടെ മരണത്തിൽ അനുസ്മരിച്ചു കൊണ്ട് സന്ദേശം പങ്കുവച്ചു. പാക് നടൻ ഇമ്രാൻ അബ്ബാസ്, ഗായിക ഹുമൈറ അർഷാദ് എന്നിവരും ലതാ മങ്കേഷ്‌കറിന്റെ മരണത്തെക്കുറിച്ച് പാക് വാർത്താ ചാനലായ ഹം ന്യൂസിൽ പ്രതികരിച്ചു. ഇന്ത്യയിലും പാകിസ്ഥാനിലും ലതാജിയുടെ ഗാനങ്ങൾ ആസ്വദിക്കാത്ത ഒരു വീടുപോലും ഉണ്ടായിരിക്കുകയില്ലെന്നും 'ആർട്ടിസ്റ്റ് ഈസ് യൂണിവേഴ്സൽ' എന്നും സന്ദേശങ്ങൾ പാക് ട്വീറ്റുകളിൽ നിറയുന്നു. മെലഡിയുടെ രാജ്ഞി എന്ന വിശേഷണമാണ് പാക് ചാനലുകളിൽ ലത മങ്കേഷ്‌കറിന്റെ മരണം റിപ്പോർട്ട് ചെയ്യാൻ ഉപയോഗിച്ചത്.