
കൊവിഡ് മഹാമാരി ലോകമെങ്ങും കടന്നാക്രമിച്ചതോടെ സഞ്ചാരപ്രിയരുടെ യാത്രാ സ്വപ്നങ്ങളും ഏകദേശം അവസാനിച്ച നിലയിലാണ്. എന്നാൽ രോഗവ്യാപനം അൽപ്പമൊന്നു ശമിച്ചതോടെ ചെറുയാത്രകൾ പ്ളാൻ ചെയ്യുന്ന തിരക്കിലാണ് മിക്കവാറും പേർ. ഇത്തരത്തിൽ കൊച്ചുയാത്രകൾ നടത്താൻ പറ്റിയ നിരവധി സുന്ദര സ്ഥലങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. കുറഞ്ഞ ചെലവിൽ പോകാൻ പറ്റിയ അത്തരം സ്ഥലങ്ങൾ ഏതൊക്കെയെന്നറിയാം.
കവ്വായി

പ്രകൃതി അനന്തമായി അനുഗ്രഹിച്ച സുന്ദര പ്രദേശമാണ് കണ്ണൂരിലെ കവ്വായി കായൽ. കേരളത്തിലെ മൂന്നാമത്തെ കായലാണിത്. ഒട്ടനവധി ചെറുദ്വീപുകളും കായലിലുണ്ട്. കണ്ണൂരിൽ നിന്ന് 50 കിലോമീറ്റർ മാറിയാണ് കായൽ സ്ഥിതി ചെയ്യുന്നത്. ചെറുദ്വീപുകളിൽ ഒന്നായ 16 കിലോമീറ്റർ വിസ്തൃതിയുള്ള വലിയ പറമ്പ ദ്വീപാണ് കണ്ണൂർ കാസർകോഡ് അതിർത്തി. കായലിന്റെ ഇക്കരെയായി കണ്ണൂരും അക്കരെയായി കാസർകോഡും സ്ഥിതി ചെയ്യുന്നു. പയ്യന്നൂരിൽ നിന്ന് നാല് കിലോമീറ്റർ യാത്ര ചെയ്ത് കവ്വായി കായലിൽ എത്താം. ഇവിടെയെത്തുന്ന അതിഥികൾക്കായി കയാക്കിംഗ്, ബോട്ട് സവാരി,വാട്ടർ വോളിബോൾ, ബീച്ച് യാത്ര, ടെന്റ് ക്യാംപ്, മാംഗ്രൂവ് ഫോറസ്റ്റ് വിസിറ്റ്, ഫിഷിംഗ് എന്നിവ ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ കയാക്കിംഗ് മേളകൾ നടത്തിയിരുന്നു.
കുങ്കിച്ചിറ

പഴശിരാജയുടെ വീരയോദ്ധാക്കൾ കുളിച്ചുകയറി പടയ്ക്ക് പോയിരുന്ന കുങ്കിച്ചിറ. നീണ്ടുപരന്ന പുൽമേടും, തടാകവും, കാടും നിറഞ്ഞ പ്രദേശമാണ് കുഞ്ഞോം എന്ന് മറ്റൊരു പേരുള്ള കുങ്കിച്ചിറ. വയനാടിലെ കൽപ്പറ്റയിൽ നിന്ന് 43 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ ഇതിഹാസ വീരനായ തലയ്ക്കൽ ചന്തുവിന്റെ പിൻമുറക്കാരാണ് കുങ്കിച്ചിറയിലെ കാവും പരിസരവും പരിപാലിക്കുന്നത്. വിശാലമായ ചിറയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന കുങ്കിയുടെ പ്രതിമയിൽ നിന്നാണ് ചിറയ്ക്ക് കുങ്കിച്ചിറയെന്ന പേര് ലഭിച്ചത്. പഴശിയുടെ പടത്തലവനായിരുന്ന എടച്ചേന കുങ്കന്റെ സഹോദരിയായിരുന്നു കുങ്കി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി പതിക്കുന്ന രണ്ട് പുഴകളുടെ ഉത്ഭവ സ്ഥാനം കൂടിയാണിത്.
വനപർവ്വം ജൈവവൈവിധ്യ പാർക്ക്

നാടിനോട് അധികം അകലെയല്ലാതെ മാറിനിൽക്കുന്ന കാട് കാണണമെന്നുണ്ടെങ്കിൽ കോഴിക്കോടിലെ പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലിൽ എത്താം. 36 ഏക്കറിലെ സ്വാഭാവിക വനപ്രദേശമാണ് വനപർവ്വം എന്ന പേരിൽ ഒരുക്കിയിരിക്കുന്നത്. പാറക്കെട്ടുകളിലൂടെ ഒഴുകുന്ന കാട്ടാറിന്റെ കുളിർമയും വെള്ളച്ചാട്ടത്തിന്റെ പരിശുദ്ധിയും ആസ്വദിക്കാം. കാട്ടിലൂടെയുള്ള ട്രെക്കിംഗിനും ഇവിടെ അവസരമുണ്ട്. ഓരോ ജന്മനക്ഷത്രത്തിന്റെ പേരിലുള്ള മരങ്ങളുള്ള നക്ഷത്രവനം ഇവിടത്തെ മറ്റൊരു സവിശേഷതയാണ്. ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം.
ചേറ്റുവ

കണ്ടൽക്കാടുകളും ദ്വീപുകളും നിറഞ്ഞ അതിമനോഹരമായ പ്രദേശമാണ് ചേറ്റുവ. തൃശൂരിൽ നിന്ന് ഗുരുവായൂരിലേയ്ക്ക് പോകുംവഴി വാടാനപ്പള്ളി കഴിഞ്ഞുള്ള വലിയ പാലത്തിന്റെ കിഴക്കുവശത്തായി കാണുന്നതാണ് ചേറ്റുവ കായൽ. ഈ കായലിന്റെ നടുവിലായാണ് കേരളത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുള്ളത്. വാടാനപ്പള്ളിയിൽ നിന്ന് ഗുരുവായൂർ റൂട്ടിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഏങ്ങണ്ടിയൂർ എത്തും. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ അപ്പുറം ചെന്നാൽ വേട്ടയ്ക്കൊരു മകൻ കടവിൽ എത്തും. അവിടെ നിന്ന് ബോട്ട് കയറി കണ്ടൽക്കാടിൽ എത്താം. പുലർച്ചെ 5.45ന് ആദ്യ സഫാരി ആരംഭിക്കും.
പാലാക്കരി

എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലക്കാർക്ക് ഏകദിന ഉല്ലാസയാത്രയ്ക്ക് പറ്റിയ ഇടമാണ് പാലാക്കരി. ആലപ്പുഴയിൽ നിന്ന് 46 കിലോമീറ്ററും എറണാകുളത്തുനിന്ന് 24 കിലോമീറ്ററും കോട്ടയത്തുനിന്ന് 43 കിലോമീറ്ററുമാണ് പാലാക്കരിയിലേയ്ക്കുള്ള ദൂരം. ഇവിടെയെത്തുന്നവർക്കായി നാവിൽ കപ്പലോടിക്കുന്ന മീൻ വിഭവങ്ങൾ മത്സ്യഫെഡ് ഒരുക്കിയിട്ടുണ്ട്. വൈക്കം എറണാകുളം റൂട്ടിലെ ചെമ്പ് വില്ലേജിൽ കാട്ടിക്കുന്നിലാണ് ഈ ഉല്ലാസകേന്ദ്രം സ്ഥിതിചെയ്യുന്നത്. രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പണ്ട് പാലാക്കാരുടെ ചെമ്മീൻ കെട്ടായിരുന്നു ഇവിടം. അങ്ങനെയാണ് പാലാക്കരി എന്ന പേര് ലഭിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ചൂണ്ടയിടാനുള്ള സൗകര്യവുമുണ്ട്. കായൽ യാത്ര ഇഷ്ടപ്പെടുന്നവർക്കായി ഏകദിന പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ഭൂമിക, പ്രവാഹിനി, തരംഗിണി എന്നിങ്ങനെ മൂന്ന് പാക്കേജുകളാണ് ഇവിടെ ഉള്ളത്.