
ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ശക്തി കുറഞ്ഞുതുടങ്ങിയതോടെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. വൻ റോഡ്‌ഷോകളും സൈക്കിൾ റാലികളും വാഹന റാലികളും പദയാത്രയുമൊന്നും നടത്താൻ അനുമതിയില്ലെങ്കിലും ഹാളുകളിലും പുറത്തുമുളള തിരഞ്ഞെടുപ്പ് യോഗങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.
ഇൻഡോർ ഹാളിൽ ആകെ പ്രവേശിപ്പിക്കാവുന്നതിന്റെ 50 ശതമാനവും വലിയ മൈതാനങ്ങളിൽ 30 ശതമാനവും ആളുകൾക്ക് മാത്രമാണ് അനുമതി. രാത്രി എട്ട് മണി മുതൽ രാവിലെ എട്ട് വരെ പ്രചാരണത്തിന് അനുമതിയില്ല. വീടുകൾ തോറും ഇലക്ഷൻ പ്രചാരണത്തിന് പോകുന്നവർ 20ലധികം ഉണ്ടാകാൻ പാടില്ല. വിവിധ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങളും സ്ഥിതിഗതികളും കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുമായി കമ്മീഷൻ ചർച്ച നടത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനമുണ്ടായത്. ഉത്തർ പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പുകൾ ഉടൻ നടക്കുക. നിലവിൽ പഞ്ചാബിലൊഴികെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഭരിക്കുന്നത് ബിജെപിയോ പാർട്ടി അടങ്ങിയ മുന്നണിയോ ആണ്.