
ലക്നൗ: ഉത്തർപ്രദേശിലെ ഏട്ടായിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രിയോടെ കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
ശ്വാസംമുട്ടിയാണ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചതെന്നും കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം മുറിവേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആഗ്ര-ഏട്ടാ റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. പിന്നീട് പൊലീസും നാട്ടുകാരും നടത്തിയ ചർച്ചയെതുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് അങ്കിത് കുമാര്‍ അഗര്‍വാള്‍, എസ് എസ് പി ഉദയ് ശങ്കര്‍ സിംഗ് എന്നിവർ സംഭവ സ്ഥലത്തെത്തി കുടുംബത്തെ സന്ദർശിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു.
സംഭവത്തിൽ ആരെയെങ്കിലും സംശയിക്കുന്നതായി കുട്ടിയുടെ മാതാപിതാക്കൾ മൊഴി നല്‍കിയിട്ടില്ല. കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പ്രതികളെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.