
ആഗ്ര: യു.പിയിലെ ഏട്ടായിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒരു പ്രാദേശിക വസ്ത്ര വ്യാപാരിയുടെ മകളാണ് കൊല്ലപ്പെട്ട കുട്ടി. കഴിഞ്ഞ ദിവസം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ പെണ്‍കുട്ടിയെ തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാത്രി അവാഗഢ് മേഖലയിലെ ഒരു സ്വകാര്യ ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകളുണ്ട്. സംഭവത്തിൽ കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പ്രതികളെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആഗ്ര - ഏട്ടാ റോഡ് ഉപരോധിച്ചിരുന്നു. പൊലീസെത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.