modi

ലക്നൗ : ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവേ പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് നരേന്ദ്ര മോദി രംഗത്ത്. ജൻ ചൗപാൽ പ്രസംഗത്തിനിടെയാണ് അദ്ദേഹം അഖിലേഷ് യാദവ് അടക്കമുള്ളവരെ വിമർശിച്ചത്. അടുത്തിടെ തന്റെ സ്വപ്നത്തിൽ ശ്രീകൃഷ്ണനെ കണ്ടുവെന്ന് പറഞ്ഞ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനാണ് അദ്ദേഹം മറുപടി നൽകിയത്. ബി ജെ പിക്ക് ജനപിന്തുണ ഏറുന്നത് കണ്ട് ആളുകൾ ഇപ്പോൾ അവരുടെ സ്വപ്നങ്ങളിൽ ശ്രീകൃഷ്ണനെ കാണുന്നു എന്നാണ് മോദി പ്രസംഗിച്ചത്.

ഉത്തർപ്രദേശിലെ മഥുര, ആഗ്ര, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലെ പ്രവർത്തകരെ ആഹ്വാനം ചെയ്ത് നടത്തിയ വെർച്വൽ റാലിയെ അഭിസംബോധന ചെയ്ത മോദി, സംസ്ഥാനത്തെ മുൻ സർക്കാരുകൾ വിശ്വാസത്തിലോ ജനങ്ങളുടെ ആവശ്യങ്ങളിലോ ശ്രദ്ധ ചെലുത്തിയില്ലെന്ന് ആരോപിച്ചു.


ബിജെപി സർക്കാരിൽ ദളിതരും ചൂഷിതരും പാവപ്പെട്ട സ്ത്രീകളും വ്യവസായികളും അടക്കം എല്ലാവർക്കും വിവിധ പദ്ധതികളുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരിക്കൽ കൂടി യോഗി സർക്കാരിനെ യു പി ആഗ്രഹിക്കുന്നു എന്നും മോദി പറഞ്ഞു. പരിപാടിയിൽ മോദി ഇന്ന് അന്തരിച്ച രാജ്യത്തെ വാനമ്പാടി ലത മങ്കേഷ്‌കർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഗായികയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വൈകീട്ട് അദ്ദേഹം മുംബൈയിലേക്ക് പോകും.