fthhggh

റാബത്ത് : വടക്കൻ മൊറോക്കോയിലെ ചെഫ്ചൗവിൽ കുഴൽക്കിണറിൽ അഞ്ച് ദിവസമായി കുടുങ്ങിക്കിടന്ന റയാൻ അവ്റാമിന് ദാരുണാന്ത്യം. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷാപ്രവർത്തകർ ശനിയാഴ്ച രാത്രി റയാനെ പുറത്തെടുത്തെടുത്തപ്പോഴേക്കും കുട്ടി മരിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് ചെഫ്ചൗവൻ നഗരത്തിൽ നിന്ന് 125 മൈൽ അകലെയുള്ള ഇഘ്രാനെയിലെ 104 അടി താഴ്ചയുള്ള കിണറ്റിൽ അഞ്ച് വയസുകാരൻ വീണത്. കിണറിന് മുകൾഭാഗത്ത് 45 സെന്റിമീറ്റർ വീതിയും താഴേക്ക് 32 മീറ്റർ താഴ്ചയുമാണ് ഉണ്ടായിരുന്നത്. അതിനാൽ രക്ഷാപ്രവർത്തനം കഠിനമായിരുന്നു. മണ്ണിടിച്ചിൽ സാദ്ധ്യതയും കഠിനമായ തണുപ്പുമുള്ളത് മൂലം സമാന്തരമായി തുരങ്കം നിർമിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനിടെ രക്ഷാപ്രവർത്തകർ ട്യൂബിലൂടെ ഭക്ഷണവും ഓക്സിജനും നൽകി കുട്ടിയുടെ ജീവൻ നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. നൂറുകണക്കിന് ഗ്രാമവാസികൾ പങ്കാളികളായ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ റയാനെ നിരീക്ഷിക്കാൻ കാമറ സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് സേവ് റയാൻ എന്ന ഹാഷ്ടാഗോട് കൂടി ലോകമെമ്പാടുമുള്ള നിരവധിപേർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

റയാന്റെ മരണത്തിൽ മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ അനുശോചനം അറിയിച്ചു.

രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരെയും കുടുംബത്തിന് പിന്തുണയുമായി എത്തിയവരെയും അഭിനന്ദിച്ച രാജാവ് കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു.