
മുംബയ്: സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ച് വയസുകാരിയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിൽ പൂനെ നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ വാദ്മുഖ്‌വാഡിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മറ്റ് രണ്ട് കുട്ടികൾക്കും പരിക്കേറ്റു. ഈ കുട്ടികൾ നിലവിൽ ചികിത്സയിലാണ്.
ഒരു കരിമ്പ് തോട്ടത്തിന് സമീപമുള്ള തുറസായ സ്ഥലത്താണ് അപകടമുണ്ടായത്. വന്യമൃഗങ്ങളുടെയും മറ്റും ആക്രമണങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ വയലുകളിൽ സാധാരണയായി സ്ഥാപിക്കുന്ന സഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ടേബിൾ ടെന്നീസ് ബോളുകളുടെ ആകൃതിയിൽ കാണപ്പെടുന്ന സ്ഫോടക വസ്തുക്കൾ കുട്ടികൾ കളിയ്ക്കാനായി എടുത്തതാവാം അപകടത്തിന് കാരണമായതെന്നും ഇവ ഇവിടെ എങ്ങനെയെത്തിയെന്ന അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.