mangeshkar

ലക്‌നൗ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ വിയോഗത്തെ തുടർന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ചടങ്ങുകളും വേണ്ടെന്നുവച്ച് പ്രമുഖ രാഷ്‌ട്രീയ പാർട്ടികൾ. ലക്‌നൗവിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കാനുള‌ള ഇന്നത്തെ ചടങ്ങ് ബിജെപി റദ്ദാക്കി. ചടങ്ങിനുവേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് മൗര്യ എന്നിവ‌ർ ലക്‌നൗവിലെത്തിയിരുന്നു. ചടങ്ങ് റദ്ദാക്കിയതോടെ ലതാ മങ്കേഷ്‌കറോടുള‌ള ആദര സൂചകമായി രണ്ട്മിനുട്ട് മൗനാചരണം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയിൽ നടത്താനിരുന്ന വെർച്വൽ റാലി റദ്ദാക്കി. ഗോവയിലെ പാർട്ടിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് ചന്നിയെ തിരഞ്ഞെടുത്തെങ്കിലും പ്രിയ ഗായികയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളൊന്നും പാടില്ലെന്ന് കോൺഗ്രസ് പ്രവർത്തക‌ർക്ക് നിർദ്ദേശം നൽകി.

ലതാ മങ്കേഷ്‌കറുടെ മൃതദേഹം മുംബയിലെ ശിവാജി പാർക്കിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് ഏഴ് മണിയോടെ സംസ്‌കരിച്ചു.