swapna-suresh-

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളോടുള്ള പിണറായി സർക്കാരിന്റെ മൗനം കുറ്റസമ്മതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനായി കേരള പൊലീസാണ് സ്വപ്നയുടെ പേരിൽ വ്യാജ ശബ്ദരേഖയുണ്ടാക്കിയതെന്ന അവരുടെ തുറന്ന് പറച്ചിൽ ഗൗരവതരമാണ്.

കേന്ദ്ര ഏജൻസികൾക്കെതിരെ നടന്ന ഗൂഢാലോചനയ്ക്ക് പിന്നിൽ പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും. കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതും സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനായിരുന്നെന്ന് വ്യക്തമായിരിക്കുന്നു. വ്യാജ ശബ്ദരേഖ സൃഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ നടപടിയെടുക്കണം. അഴിമതി മറച്ചുവെക്കാൻ ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കാൻ ശ്രമിച്ച പാപഭാരത്തിൽ നിന്നും സർക്കാരിന് രക്ഷപ്പെടാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വർണ്ണക്കള്ളക്കടത്തിലെ പ്രധാന ആസൂത്രകൻ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നിട്ടും അയാൾക്കെതിരെ മുഖ്യമന്ത്രിക്ക് ഒരു ധാർമ്മിക രോഷവുമില്ലാത്തത് തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നതിന് അടിവരയിടുന്നു. ഇതുവരെ മുഖ്യമന്ത്രി നിഷേധിച്ചിരുന്ന എല്ലാകാര്യങ്ങളും സത്യമാണെന്ന് സ്വപ്ന സമ്മതിച്ച സ്ഥിതിക്ക് അദ്ദേഹം മറുപടി പറഞ്ഞേ തീരൂ. ശിവശങ്കരനെതിരെ സർവ്വീസ് ചട്ടപ്രകാരം നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.