
ചെന്നൈ : നീറ്റ് വിഷയത്തിൽ നാളെ പ്രത്യേക നിയമസഭാ സമ്മേളനം നടത്താനൊരുങ്ങി തമിഴ്‌നാട്. നീറ്റ് പരീക്ഷയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ചുള്ള ബിൽ ഗവർണർ തിരിച്ചയച്ചതിന് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ബിൽ വീണ്ടും പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്.
പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ നീറ്റ് റദ്ദാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അണ്ണാ ഡി.എം.കെയും ബി.ജെ.പിയും പങ്കെടുത്തില്ല. നിയമസഭാ സമ്മേളനത്തിൽ അണ്ണാ ഡി.എം.കെ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു.
നീറ്റിന് പകരം പ്ലസ് ടു മാർക്കടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നൽകുന്ന ബിൽ സെപ്റ്റംബറിലാണ് തമിഴ്നാട് നിയമസഭയിൽ പാസായത്. എന്നാൽ വിഷയത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയ ഗവർണർ ഈ മാസം ആദ്യം ബിൽ തിരിച്ചയക്കുകയായിരുന്നു.