latha

ഇന്ത്യൻ ചലച്ചിത്ര ഗാനശാഖയ്‌ക്ക് മാത്രമല്ല ലോകത്തിനാകെ ഇന്ത്യൻ സംഗീത ലോകത്തിന്റെ പര്യായം തന്നെയായിരുന്നു ലതാ മങ്കേഷ്‌കർ. 92ാം വയസിൽ കൊവിഡാനന്തര രോഗാവസ്ഥകൾക്ക് കീഴടങ്ങി ആ മഹാഗായിക പിൻവാങ്ങുമ്പോൾ രണ്ട് നൂറ്റാണ്ടിലായി പതിറ്റാണ്ടുകളോളം ഭാരതത്തിലേ തലമുറകൾക്ക് ഇമ്പം പകർന്ന സ്വരമാധുര്യമാണ് നമുക്ക് നഷ്‌ടമാകുന്നത്. ലണ്ടനിൽ ആൽബർട് ഹാളിലെ കമ്പ്യൂട്ടർ ഏറ്റവും പൂർണതയാർന്ന ശബ്‌ദമായി രേഖപ്പെടുത്തിയത് ലതാ മങ്കേഷ്‌കറുടെ ശബ്‌ദമാണ് എന്നത് ആ ശബ്ദത്തിന്റെ വിശ്വപ്രശസ്‌തി വെളിവാക്കുന്നതാണ്.

ആദ്യകാലവും ചലച്ചിത്ര രംഗപ്രവേശനവും

ചെറുപ്പത്തിൽ അച്ഛനിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ലത പിന്നീട് ശാസ്‌ത്രീയ സംഗീതം ഉസ്‌താദ് അമാനത്ത് ഖാനിൽ നിന്നും പഠിച്ചു. 13 വയസിൽ അച്ഛനെ നഷ്‌ടപ്പെട്ട ലത കുടുംബത്തെ പോറ്റാനായി സിനിമ അഭിനയ രംഗത്തെത്തി. പിന്നീട് ഗായികയായി. കിടി ഹസാൽ എന്ന ഒരു മറാത്തി ചിത്രത്തിൽ പാടിയാണ് സിനിമാ ഗാന ശാഖയിൽ തുടക്കം കുറിച്ചത്.

പിന്നീട് ഹിന്ദി സിനിമ ലോകത്ത് നാൽപതുകളിൽ മധുബാല മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം പ്രീതി സിന്റ വരെയുള‌ള നായികമാർക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചു. നീണ്ട 80 വർഷങ്ങളിൽ ഇന്ത്യയിലെ മിക്ക ഭാഷകളിലും പാട്ടുകൾ പാടി. കൃത്യമായ ശാസ്‌ത്രീയ അടിത്തറയുള‌ള ഗായികയായ ലത മങ്കേഷ്‌കർ ചലച്ചിത്ര പിന്നണി ഗായികമാരിൽ പതിറ്റാണ്ടുകളോളം മുന്നിൽ തന്നെ നിന്നു. മറുഭാഗത്ത് മുഹമ്മദ് റഫി, കിഷോർ കുമാർ, മുകേഷ്, കുമാർ സാനു മുതൽ സോനു നിഗം വരെ എത്തിയപ്പോഴും ലതാജി തന്നെയായിരുന്നു ഇന്ത്യൻ ഗായികമാരിൽ മുന്നിൽ.

നെഹ്രുവിനെ കരയിച്ച ലത

1962ൽ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ഇന്ത്യ തിരിച്ചടിയിൽ ഉഴറി നിൽക്കുമ്പോൾ രാജ്യത്തെ ധീരജവാന്മാർക്കുവേണ്ടി ലത പാടിയ 'ഏ മേരെ വദൻ കെ ലോഗോ' എന്ന ഗാനം കേട്ട് അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്രു കരഞ്ഞത് ആ മധുര ശബ്ദത്തിന്റെ ഭാവ ഗാംഭീര്യത്തിന്റെ ഉദാഹരണമാണ്. ഈ ഗാനം പിന്നീട് പല ഇന്ത്യൻ ചിത്രങ്ങളിലും ചേ‌ർക്കുകയുണ്ടായി. അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി കാശ്‌മീരിന് പകരം ലതാ മങ്കേഷ്‌കറെ മതിയെന്ന് പറഞ്ഞതും ലതയ്‌ക്ക് ലഭിച്ച വലിയ പ്രശംസയാണ്.

നാൽപതിനായിരത്തോളം ചലച്ചിത്ര ഗാനങ്ങൾ

പതിനഞ്ചോളം ഭാഷകളിലായി നാൽപതിനായിരത്തിലധികം പാട്ടുകളാണ് ലതാ മങ്കേഷ്‌കർ പാടിയത്. മലയാളത്തിൽ രാമു കാര്യട്ടിന്റെ 'നെല്ല്' എന്ന ചിത്രത്തിലെ 'കദളി ചെങ്കദളി' എന്ന ഗാനം ആലപിച്ചു. ഈ ഗാനത്തിൽ വയലാറിന്റെ വരികൾക്ക് സംഗീതം പകർന്നത് സലിൽ ചൗധരിയായിരുന്നു. 1989ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരവും 2001ൽ ഭാരതരത്നയും നൽകിയാണ് അതുല്യ ഗായികയെ രാജ്യം ആദരിച്ചത്. വലിയൊരു യുഗം തന്നെയാണ് ലതാജിയുടെ നിര്യാണത്തോടെ അവസാനിക്കുന്നതെന്ന് നിസംശയം പറയാം.