
പ്യോങ്യാംഗ് : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും തുടർച്ചയായി ആണവ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തരകൊറിയയ്ക്ക് അതിനായുള്ള പണം ലഭിക്കുന്നത് സൈബർ ആക്രമങ്ങളിലൂടെയാണെന്ന് യു.എൻ. ആണവ പരീക്ഷണങ്ങൾക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും അതൊന്നും ഉത്തരകൊറിയുടെ പദ്ധതികളെ കാര്യമായി ബാധിക്കാത്തതും ഇതു മൂലമാണെന്നാണ് പുതിയ വിവരം. ഉത്തരകൊറിയയുടെ സൈബർ വിദഗ്ദർ 2020 നും 2021 പകുതി വരെ 50 മില്യൺ ഡോളർ വരെ ക്രിപ്റ്റോ കറൻസി കൈമാറ്റത്തിലൂടെ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്ന് യു.എൻ റിപ്പോർട്ടിൽ പറയുന്നു. 2021 ൽ മാത്രം കുറഞ്ഞത് 7 തവണയെങ്കിലും ക്രിപ്റ്റോ കറൻസി പ്ലാറ്റ്ഫോമിൽ ഉത്തരകൊറിയൻ ഹാക്കർമാർ ആക്രമണം നടത്തി, ഇതിലൂടെ 400 മില്യൺ വിലമതിക്കുന്ന ഡിജിറ്റൽ സമ്പാദ്യം തട്ടിയെടുത്തിട്ടുണ്ട്. നിലവിൽ ആണവ പദ്ധതിക്ക് വേണ്ടി വരുന്ന അസംസ്കൃത വസ്തുക്കളുടെ നിർമ്മാണത്തിന് സ്വയം പര്യാപ്തത കൈവരിക്കാനാനുള്ള ശ്രമങ്ങൾ ഉത്തരകൊറിയ തുടർന്ന് വരികയാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.